അന്ന് അത്തരം പരിപാടികൾ ഇവിടെ വേണ്ട; ആവശ്യമില്ലാതെ കൂട്ടം കൂടി നിൽക്കരുത്; ആളുകൾക്ക് ശല്യം ഉണ്ടാകുന്ന രീതിയിൽ ശബ്ദം വേണ്ട; 'നവരാത്രി'ക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മുംബൈ പോലീസ്
മുംബൈ: ശനിയാഴ്ച ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി മുംബൈ പോലീസ് നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിച്ചേക്കുമെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഈ നടപടി. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 6 വരെയാണ് നിയന്ത്രണങ്ങൾ നിലനിൽക്കുക.
പുതിയ ഉത്തരവ് പ്രകാരം, പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടാൻ പാടില്ല. ഇത് കൂടാതെ, ആയുധങ്ങളോ ആയുധങ്ങളാക്കി മാറ്റാൻ സാധ്യതയുള്ള വസ്തുക്കളോ കൈവശം വെക്കുന്നതിനും വിലക്കുണ്ട്. ജാഥകളും പ്രതിഷേധങ്ങളും നിരോധിച്ചിട്ടുമുണ്ട്.
പൊതു ഇടങ്ങളിൽ പാട്ടുപാടുന്നതിനും പാട്ട് കേൾപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രിതമായ ശബ്ദപരിധിക്ക് മുകളിൽ മൈക്കിലൂടെ പാട്ട് പാടുന്നതിനും ശബ്ദമുണ്ടാക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നവരാത്രി ആഘോഷങ്ങൾക്കിടെ നഗരത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് പോലീസ് ഇത്തരത്തിലുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുന്നത്.