200 എകെ 47 തോക്കുകളുള്‍പ്പടെ കാണാതായത് 5,682 ആയുധങ്ങള്‍; കൊള്ളയടിച്ചതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ ആയുധങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ സറണ്ടര്‍ ചെയ്യണം; സമയപരിധിക്ക് ശേഷവും ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഗവര്‍ണര്‍
മണിപ്പൂര്‍: രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ മണിപ്പൂരില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഗവര്‍ണര്‍. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ ഉടന്‍ സറണ്ടര്‍ ചെയ്യാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ഒരാഴ്ച പിന്നിട്ടതിന് പിന്നാലെയാണ് ഗവര്‍ണറെ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്.
സുരക്ഷാ സേനയുടെ ആയുധപ്പുരകളില്‍നിന്ന് കൊള്ളയടിക്കപ്പെട്ടതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ ആയുധങ്ങള്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചേല്‍പ്പിക്കാനാണ് ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ ഉത്തരവ്. ആയുധങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കില്ലെന്നും അജയ് കുമാര്‍ ഭല്ല വ്യക്തമാക്കി.
സമാധാനത്തെയും സാമുദായിക സൗഹാര്‍ദത്തെയും ബാധിച്ച ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ കാരണം മണിപ്പുരിന്റെ താഴ്വരയിലും പര്‍വതപ്രദേശങ്ങളിലുമുള്ള എല്ലാ ജനങ്ങളും കഴിഞ്ഞ 20 മാസമായി ദുരിതമനുഭവിക്കുകയാണ്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായും ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും പരസ്പര ശത്രുത അവസാനിപ്പിച്ച് ക്രമസമാധാനം തിരിച്ചുപിടിക്കാന്‍ സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളും മുന്നോട്ടുവരണമെന്നും ഭല്ല പ്രസ്താവനയില്‍ അറിയിച്ചു.
ഇതിനായി പ്രത്യേകിച്ചും, യുവാക്കള്‍ ആയുധങ്ങള്‍ അടുത്ത പൊലീസ് സ്റ്റേഷനിലോ സൈനിക ക്യാംപിലോ ഔട്ട്‌പോസ്റ്റുകളിലോ ഏല്‍പ്പിക്കണം. ആയുധം തിരികെ നല്‍കുന്ന ഈ ചെറിയ പ്രവൃത്തി മണിപ്പുരില്‍ സമാധാനം ഉറപ്പാക്കുന്നതിലേക്കുള്ള ശക്തമായ സന്ദേശമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് സമാധാനം തിരികെക്കൊണ്ടുവന്ന് യുവാക്കളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഭല്ല കൂട്ടിച്ചേര്‍ത്തു. മണിപ്പുരില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തി ദിവസങ്ങള്‍ക്കുശേഷമാണ് ഗവര്‍ണറുടെ ഉത്തരവ്.
അതേസമയം സമയപരിധിക്ക് ശേഷവും ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. 200 എകെ 47 തോക്കുകളുള്‍പ്പടെ 5,682 ആയുധങ്ങളാണ് രണ്ട് വര്‍ഷത്തിനിടയില്‍ സംഘര്‍ഷ ഭൂമിയായ മണിപ്പുരിലെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഉള്‍പ്പെടെ മോഷണം പോയത്.