അപകീര്‍ത്തി കേസില്‍ സഞ്ജയ് റാവത്തിന് തടവ് ശിക്ഷ; നടപടി ബിജെപി നേതാവിന്റെ ഭാര്യ നല്‍കിയ മാനനഷ്ട കേസില്‍; നീതി ലഭിച്ചെന്ന് മേധ സോമയ്യ

അപകീര്‍ത്തി കേസില്‍ സഞ്ജയ് റാവത്തിന് തടവ് ശിക്ഷ

Update: 2024-09-26 11:09 GMT

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ പക്ഷം നേതാവ് സഞ്ജയ് റാവത്തിന് തടവ് ശിക്ഷ വിധിച്ച് കോടതി. ബിജെപി നേതാവ് കൃതി സോമയ്യയുടെ ഭാര്യ മേധ സോമയ്യ നല്‍കിയ മാനനഷ്ടക്കേസില്‍ പതിനഞ്ച് ദിവസത്തേക്കാണ് മുംബൈ മെട്രോപൊളിറ്റന്‍ കോടതി തടവ് വിധിച്ചിരിക്കുന്നത്. 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മീര ബയന്ദര്‍ മുന്‍സിപ്പില്‍ കോര്‍പറേഷനില്‍ ശുചിമുറി നിര്‍മാണവുമായി ബന്ധപ്പെട്ട് നൂറ് കോടി അഴിമതി നടന്ന സംഭവത്തില്‍ മേധയ്ക്കും ഭര്‍ത്താവിനും പങ്കുണ്ടെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പരാമര്‍ശം.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും നീതി ലഭിച്ചെന്നും മേധ സോമയ്യ പ്രതികരിച്ചു. കോടതി വിധിയില്‍ സന്തോഷമുണ്ട്. എനിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ ഒടുവില്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. മറ്റേതൊരു സ്ത്രീയും ചെയ്യുമായിരുന്നത് പോലെ ഞാനും നീതിക്ക് വേണ്ടി പോരാടി. ഒരു അധ്യാപികയെന്നും സാമൂഹിക പ്രവര്‍ത്തകയെന്നുമുള്ള നിലയില്‍ എന്റെ സ്ഥാനത്തെ കോടതി ബഹുമാനിക്കുന്നുണ്ട്. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള പ്രതിയുടെ അവകാശത്തെ കുറിച്ച് തത്ക്കാലം പ്രതികരിക്കുന്നില്ല, മേധ പറഞ്ഞു.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് മേധ പരാതി നല്‍കുന്നത്. പാരിസ്ഥിതിക അധികൃതരുടെ കൃത്യമായ അനുമതിയില്ലാതെ കണ്ടല്‍ക്കാടുകള്‍ വെട്ടി അനധികൃത ശുചിമുറികള്‍ നിര്‍മിച്ചുവെന്നായിരുന്നു സാമ്‌നയില്‍ മേധയ്ക്കും ഭര്‍ത്താവിനുമെതിരെ ഉയര്‍ന്ന ആരോപണം. ശുചിമുറി നിര്‍മാണത്തില്‍ 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നും ആരോപണമുണ്ടായിരുന്നു.

സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായ സഞ്ജയ് റാവത്താണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നതെന്നും ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടുവെന്നും മേധ ആരോപിച്ചു. ഇത് തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള മനപ്പൂര്‍വ ശ്രമമാണെന്നും മേധ ആരോപിച്ചു. അക്കാദമിക് സാമൂഹ്യസേവന രം?ഗത്തെ തന്റെ 20 വര്‍ഷക്കാലത്തെ പ്രവര്‍ത്തനവും സമൂഹത്തില്‍ തനിക്കുള്ള വിലയിലുമൂന്നിയായിരുന്നു മേധയുടെ പരാതി. 2022 ഏപ്രിലില്‍ നടന്ന സംഭവത്തിലാണ് വിധി.

Tags:    

Similar News