റെയിൽവെയുടെ വിഐപി ലോഞ്ചിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിൽ പഴുതാര; രോഷം പ്രകടിപ്പിച്ച് യാത്രക്കാർ; പിന്നാലെ പ്രതികരണവുമായി അധികൃതർ

Update: 2024-10-22 08:33 GMT

ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ വീണ്ടും കടുത്ത അനാസ്ഥ. റെയിൽവെയിൽ നിന്നും വിതരണം ചെയ്ത വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിലെ ഭക്ഷണത്തിൽ നിന്നും പഴുതാരയെ കണ്ടെത്തി. ഒരു യാത്രക്കാരനാണ് ആരോപണവുമായി മുൻപോട്ട് വന്നത്.

ഭക്ഷണത്തിൽ ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ സമൂഹ മാധ്യമത്തിൽ പരാതിക്കാരൻ പങ്ക് വച്ചു. പോസ്റ്റ് കണ്ടപ്പോൾ തന്നെ നിരവധിപ്പേരാണ് രോഷം പ്രകടിപ്പിച്ചത്. പ്രതിഷേധം ശക്തമായപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ഐ.ആർ.സി.ടി.സി അധികൃതരും രംഗത്തെത്തുകയും ചെയ്തു.

ആര്യാൻശ് സിങ് എന്നയാളാണ് പരാതിക്കാരൻ. അദ്ദേഹം ചിത്രവും പരിഹാസ രൂപത്തിലുള്ള കുറിപ്പും എക്സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യൻ റെയിൽവെയുടെ ഭക്ഷണത്തിന്റെ നിലവാരം ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ 'പ്രോട്ടീൻ' ഉൾപ്പെടുത്തിയാണ് റെയ്ത നൽകുന്നതെന്നുമാണ് കുറിപ്പിൽ പരിഹാസ രൂപേണ അദ്ദേഹം കുറിച്ചിരിക്കുന്നത്.

ഇത് ഐആർസിടിസിയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിലാണ് നടന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. അതുപ്പോലെ ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നുമൊക്കെ ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സംഭവത്തിൽ നിരവധി പേരാണ് പോസ്റ്റിന് താഴെ വിമർശനവുമായി എത്തിയിരിക്കുന്നത്.

Tags:    

Similar News