'ഇതാണോ വോട്ടിന് വേണ്ടിയുള്ള ബി.ജെ.പിയുടെ നോട്ട് ജിഹാദ്? മഹാരാഷ്ട്ര നാളെ തീരുമാനമെടുക്കുമെന്ന് ഉദ്ധവ് താക്കറെ
'ഇതാണോ വോട്ടിന് വേണ്ടിയുള്ള ബി.ജെ.പിയുടെ നോട്ട് ജിഹാദ്?
മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയില്‍നിന്ന് അഞ്ചുകോടി രൂപ കള്ളപ്പണം കണ്ടെടുത്തുവെന്ന വിവാദത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ. ബഹുജന്‍ വികാസ് അഘാഡി (ബി.വി.എ) പ്രവര്‍ത്തകരും നേതാക്കളുമാണ് പാല്‍ഘഡിലെ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി പണം വിതരണം ചെയ്യുന്നതായി ആരോപിച്ച് കൈയോടെ പിടികൂടിയത്. താവ്ഡെക്കെതിരെ കേസെടുത്താല്‍ മാത്രം പോരെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.
'ഇതാണോ വോട്ടിന് വേണ്ടിയുള്ള ബി.ജെ.പിയുടെ നോട്ട് ജിഹാദ്? 'ബാതേംഗേ ഔര്‍ ജിതേംഗേ' (വിജയിക്കാന്‍ പണം വിതരണം ചെയ്യും) എന്നത് ഇതാണോ? പണക്കെട്ടുകള്‍ ഉയര്‍ത്തിക്കാണിക്കുന്ന വിഡിയോ മഹാരാഷ്ട്ര മുഴുവനും കണ്ടു. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര നാളെ തീരുമാനമെടുക്കും' -ഉദ്ധവ് പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയ 'ബടേംഗേ തോ കാട്ടേംഗേ' എന്ന മുദ്രാവാക്യവും 'വോട്ട് ജിഹാദ്' ആരോപണവും എടുത്തടിച്ചാണ് താക്കറെയുടെ പ്രതികരണം.
'വോട്ട് ജിഹാദിനെ' 'വോട്ടുകളുടെ ധര്‍മയുദ്ധം' ഉപയോഗിച്ച് ചെറുക്കണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പൊതുയോഗങ്ങളില്‍ പറഞ്ഞിരുന്നു. 'ചില സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചതിന് താവ്ഡെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതിന് പിന്നിലെ രഹസ്യം പരസ്യമായി' -ഉദ്ധവ് താക്കറെ പറഞ്ഞു.
ബി.ജെ.പി ജനറല്‍ സെക്രട്ടറി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്ന വിവരം ബഹുജന്‍ വികാസ് അഘാഡി (ബി.വി.എ) തലവന്‍ ഹിതേന്ദ്ര താക്കൂറാണ് പുറത്തുവിട്ടത്. താവ്ഡെ താമസിച്ചിരുന്ന വിരാറിലെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ കൈ?യോടെ പിടികൂടിയത്.
മോദിക്കും ബി.ജെ.പിക്കുമെതിരെ ഗുരുതര വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 'മോദിജീ, ഈ 5 കോടി ആരുടെ 'സേഫി'ല്‍ നിന്നാണ് വന്നത്? പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് ആരാണ് നിങ്ങള്‍ക്ക് ടെമ്പോ വാനില്‍ അയച്ചത്?' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. മോദിയുടെ തന്നെ കള്ളപ്പണവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രയോഗിച്ചാണ് രാഹുലിന്റെ തിരിച്ചടി.
ഇക്കഴിഞ്ഞ മേയില്‍ മോദി രാഹുലിനെതിരെ നടത്തിയ 'അംബാനിയില്‍നിന്നും അദാനിയില്‍ നിന്നും ഷെഹ്സാദ (രാഹുല്‍ ഗാന്ധി) എത്ര വാങ്ങി? അയാള്‍ക്ക് ഇവരില്‍നിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകള്‍ നിറച്ച ടെമ്പോവാന്‍ കോണ്‍ഗ്രസിന്റെ അടുത്ത് എത്തിയോ?' എന്ന വിവാദ പരാമര്‍ശവും 'ഏക് ഹേ തോ സേഫ് ഹേ' എന്ന പരാമര്‍ശവും കടമെടുത്താണ് അതേനാണയത്തില്‍ രാഹുലി?ന്റെ ആക്രമണം. ബി.ജെ.പി സ്ഥാനാര്‍ഥി രാജന്‍ നായിക്കിന് വിതരണം ചെയ്യാനാണ് പണവുമായി താവ്‌ഡെ എത്തിയതെന്ന് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. പാല്‍ഘഡിലെ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ പണം വിതരണം ചെയ്തതായി ബഹുജന്‍ വികാസ് അഘാഡി (ബി.വി.എ) തലവന്‍ ഹിതേന്ദ്ര താക്കൂറിന്റെ പരാതിയില്‍ താവ്ഡെക്കെതിരെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിരുന്നു.