'പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്; ആദ്യം തീവ്രവാദം അവസാനിപ്പിക്കണം; പന്ത് പാക്കിസ്ഥാന്റെ കോര്‍ട്ടിലാണ്'; നിലപാട് വ്യക്തമാക്കി എസ് ജയശങ്കര്‍

പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് എസ് ജയശങ്കര്‍

Update: 2024-12-13 15:21 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി നല്ല അയല്‍ബന്ധത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ആദ്യം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. മറ്റേതൊരു അയല്‍രാജ്യത്തിനോടും എന്ന പോലെ പാക്കിസ്ഥാനുമായും നല്ല ബന്ധം പുലര്‍ത്തണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്നും അതിന് അവര്‍ തീവ്രവാദത്തില്‍ നിന്നു മുക്തമാകണമെന്നും എസ്. ജയശങ്കര്‍ ലോക്‌സഭയില്‍ പറഞ്ഞു.

2019ല്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ കാരണമാണ് അവരുമായുള്ള വ്യാപാര-വാണിജ്യ മേഖലകളിലെ ബന്ധം മോശമായതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

''മുന്‍പ് പാക്കിസ്ഥാന്റെ ഭാഗത്ത് സംഭവിച്ച വീഴ്ചകള്‍ എന്താണെന്ന് ഇന്ത്യ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പരിഹരിക്കാതിരുന്നാല്‍ തീര്‍ച്ചയായും പാക്കിസ്ഥാന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. പന്ത് പാക്കിസ്ഥാന്റെ കോര്‍ട്ടിലാണ്'' ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജയശങ്കര്‍ മറുപടി നല്‍കി.

''വികസന പദ്ധതികളുടെ നല്ല ചരിത്രമാണ് നമുക്കുള്ളത്. പാകിസ്ഥാനും ചൈനയും ഒഴികെയുള്ള നമ്മുടെ അയല്‍രാജ്യങ്ങളുടെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട വികസന പദ്ധതികള്‍ക്കൊപ്പവും ഇന്ത്യയുണ്ടായിരുന്നു'' എസ്.ജയശങ്കര്‍ പറഞ്ഞു.

Tags:    

Similar News