ഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി; കാമുകിയെ കാണാന്‍ അനധികൃതമായി അതിര്‍ത്തി കടന്നു; അലിഗഢ് സ്വദേശിയായ യുവാവ് പാകിസ്ഥാനില്‍ അറസ്റ്റില്‍

അലിഗഢ് സ്വദേശിയായ യുവാവ് പാകിസ്ഥാനില്‍ അറസ്റ്റില്‍

Update: 2024-12-31 14:02 GMT

ന്യൂഡല്‍ഹി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായതോടെ ഇരുവരും തമ്മില്‍ നേരിട്ടു കാണാന്‍ അനധികൃതമായി അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശി ബാദല്‍ ബാബു ആണ് അറസ്റ്റിലായത്. നഗ്ല ഖത്കാരി ഗ്രാമത്തില്‍ താമസിക്കുന്ന 30 കാരനായ ബാദലിനെ മാണ്ഡി ബഹാവുദ്ദീന്‍ നഗരത്തില്‍ നിന്നാണ് പാകിസ്ഥാനിലെ പഞ്ചാബ് പൊലീസ് പിടികൂടിയത്.

സമൂഹമാധ്യമം വഴിയായിരുന്നു യുവതിയുമായി പ്രണയത്തിലായതെന്നും അവരെ നേരില്‍ കാണണമെന്ന ആഗ്രഹത്തില്‍ വിസയോ യാത്രാ രേഖകളോ ഇല്ലാതെയാണ് രാജ്യത്തേക്ക് കടന്നതെന്നും ചോദ്യം ചെയ്യലില്‍ ബാദല്‍ ബാബു സമ്മതിച്ചതായി പാകിസ്താന്‍ അധികൃതര്‍ പറഞ്ഞു.

യാത്രാരേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 27നാണ് ബാദലിനെ അറസ്റ്റ് ചെയ്തത്. 1946ലെ പാകിസ്ഥാന്‍ ഫോറിനേഴ്സ് ആക്ടിന്റെ 13, 14 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2025 ജനുവരി 10ന് വീണ്ടും കോടതിയില്‍ ഹാജരാകണം.

ബാദല്‍ മുമ്പ് രണ്ട് തവണ ഇന്ത്യ-പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് പാകിസ്താന്‍ അതിര്‍ത്തി കടന്നത്. മണ്ടി ബഹാവുദ്ദീനില്‍ എത്തി യുവതിയെ കണ്ടുമുട്ടുകയും ചെയ്തു. ബാദല്‍ ബാബുവിന്റെ പാകിസ്താനിലേക്കുള്ള അനധികൃത പ്രവേശനം പ്രണയബന്ധം കൊണ്ടാണോ അതോ അതിര്‍ത്തി കടന്നതിന് മറ്റെന്തെങ്കിലും പ്രേരണകള്‍ ഉണ്ടോയെന്നാണ് ഇപ്പോള്‍ അധികൃതര്‍ അന്വേഷിക്കുന്നത്.

ഇത് ആദ്യമായല്ല തന്റെ പ്രണയിനിയെ കാണാന്‍ ഒരാള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്താന്‍ ശ്രമിക്കുന്നത്. ഈ വര്‍ഷം ജൂലൈയിലും സമാനമായ ഒരു സംഭവം ഉണ്ടായി. ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാകിസ്താന്‍ യുവതിയെ വിവാഹം ചെയ്യാനായി യു.പി സ്വദേശി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ തടയുകയായിരുന്നു.

Tags:    

Similar News