സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടികള്‍ ഒന്നിച്ച് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി; പുതുവര്‍ഷപ്പിറവിയെ മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് വരവേറ്റത് വ്യത്യസ്തമായി
പുതുവര്‍ഷപ്പിറവിയെ വ്യത്യസ്തമായി വരവേറ്റ് മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ്
മുംബൈ: പുതുവര്‍ഷപ്പിറവിയെ മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് ഇത്തവണയും വരവേറ്റത് വ്യത്യസ്തമായ ആഘോഷത്തോടെ. നിര്‍ത്തിയിട്ടിരുന്ന തീവണ്ടികള്‍ ഒന്നിച്ച് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി പുതുവത്സര പുലരിയിലേക്ക് കടക്കുന്ന മുംബൈ സ്റ്റേഷന്റെ ആഘോഷം യാത്രക്കാര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഇതുസംബന്ധിച്ച ചര്‍ച്ചയും സജീവമായി. വര്‍ഷങ്ങളായി ഇത്തരം വ്യത്യസ്തമായ ആഘോഷമാണ് ഛത്രപതി ശിവജി ടെര്‍മിനസില്‍ നടക്കുന്നത്.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് എക്‌സില്‍ പങ്കുവെച്ചതും ഈ ഹോണ്‍ മുഴക്കത്തിന്റെ വീഡിയോ ആയിരുന്നു. പിന്നാലെ ഇത്തരം ഒരു പതിവുണ്ടെന്നകാര്യം അറിയില്ലെന്ന് നിരവധിപേര്‍ എക്സില്‍ കുറിച്ചു.
മുംബൈ നിവാസികള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നതിന്റെ സൂചകമാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പുതുവത്സര ഹോണഡിയെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ലോക്കല്‍ ട്രെയിനുകളും ദീര്‍ഘദൂര ട്രെയിനുകളും നിത്യനേ നിരവധി സര്‍വ്വീസുകള്‍ നടത്തുന്ന സ്റ്റേഷനിലെ ഈ പ്രത്യേക ആഘോഷത്തില്‍ പങ്കെടുക്കാനായി നിരവധി പേരാണ് യാത്രക്കാര്‍ക്കു പുറമേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിലെ വിവിധ ഭാഗങ്ങളില്‍ ഒരുമിച്ചുള്ള ഹോണ്‍ മുഴക്കം വ്യത്യസ്ത രീതിയിലാണ് നിഴലിച്ചത്. വിക്ടോറിയന്‍ ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചരിക്കുന്ന സ്റ്റേഷന്റെ നിര്‍മ്മാണ മികവും ഇക്കൂട്ടത്തില്‍ ചര്‍ച്ചകളില്‍ ഇടം നേടിയിട്ടുണ്ട്.