'മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബിജെപി നേതാവ്; പ്രതിഷേധവുമായി കോണ്‍ഗ്രസ്; ഖേദം പ്രകടിപ്പിച്ച് രമേശ് ബിധുരി

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ എംപിയും ബിജെപി നേതാവുമായ രമേശ് ബിധുരി

Update: 2025-01-05 12:55 GMT

ന്യൂഡല്‍ഹി: താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്ന് സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ എംപിയും ബിജെപി നേതാവുമായ രമേശ് ബിധുരി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ രമേശ് ബിധുരിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് ഖേദപ്രകടനം.

ബിജെപി സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, ബിജെപി നേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ബിധുരിയുടെ വികലമായ മനോനില പ്രതിഫലിപ്പിക്കുന്നതാണു പരാമര്‍ശമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

അതിനിടെ, നടിയും എംപിയുമായ ഹേമ മാലിനിക്കെതിരെ ലാലു പ്രസാദ് യാദവ് നടത്തിയ പരാമര്‍ശം ഓര്‍മിപ്പിച്ചാണു രമേശ് ബിധുരിയുടെ ന്യായീകരണം. ഹേമ മാലിനിക്കെതിരായ പരാമര്‍ശത്തില്‍ ലാലു പ്രസാദ് യാദവിനെ ഒറ്റപ്പെടുത്താത്തവര്‍ എങ്ങനെയാണ് തന്നെ ചോദ്യം ചെയ്യുകയെന്നും നേട്ടങ്ങളുടെ പട്ടിക നോക്കിയാല്‍ പ്രിയങ്കാ ഗാന്ധിയേക്കാള്‍ എത്രയോ മുകളിലാണു ഹേമ മാലിനിയെന്നും ബിധുരി പറഞ്ഞു.

വിജയിച്ചാല്‍ മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്നായിരുന്നു പ്രചാരണത്തിലെ പരാമര്‍ശം. ബിഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍പോലെ മനോഹരമാക്കുമെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് വാഗ്ദാനം പാലിച്ചില്ലെന്നും താന്‍ അതുപോലെയല്ലെന്നും ബിധുരി പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച ബിധുരി തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ന്യായീകരിച്ചു. എംപിയായിരുന്നപ്പോള്‍ ലോക് സഭയില്‍ അസഭ്യപരാമര്‍ശം നടത്തിയ ബിധുരിയെ ബിജെപി താക്കീത് ചെയ്തിരുന്നു.

Tags:    

Similar News