'രാജ്യത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍'; രാമക്ഷേത്രത്തിനായുള്ള പ്രയത്നങ്ങള്‍ രാജ്യത്തിന്റെ സ്വത്വത്തെ ഉണര്‍ത്തിയെന്നും മോഹന്‍ ഭാഗവത്

'രാജ്യത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍': മോഹന്‍ ഭാഗവത്

Update: 2025-01-14 07:16 GMT

ഇന്‍ഡോര്‍: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. ഇന്‍ഡോറില്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രത്തിനായുള്ള പ്രയത്നങ്ങള്‍ രാജ്യത്തിന്റെ സ്വത്വത്തെ ഉണര്‍ത്തിയെന്നും ലോകത്തെ നയിക്കാന്‍ പ്രാപ്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലെ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടും നമുക്ക് അത്തരത്തില്‍ കുതിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാമക്ഷേത്ര നിര്‍മ്മാണത്തോടെ പുതിയ ഉണര്‍വ് രാജ്യത്തിന് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22നാണ് പ്രാണ പ്രതിഷ്ഠ നടന്നതെങ്കിലും ഹിന്ദു കലണ്ടര്‍ പ്രകാരം ജനുവരി 11നാണ് വാര്‍ഷികം ആചരിക്കുന്നത്.

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസം പ്രതിഷ്ഠാ ദ്വാദശിയായി രാജ്യം ആചരിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ആരെയും എതിര്‍ത്ത് തോല്‍പ്പിക്കാനായിരുന്നില്ല രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ. ഭാരതത്തിന്റെ ആത്മാവിനെ ഉണര്‍ത്താനുള്ള ചടങ്ങായിരുന്നു അത്. അതുവഴി രാജ്യത്തിന് സ്വന്തം കാലില്‍ നില്‍ക്കാനും ലോകത്തെ നയിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നുഴഞ്ഞുകയറ്റക്കാര്‍ ഈ രാജ്യത്തെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. അതോടെ ഈ രാജ്യത്തിന്റെ ആത്മാവ് ക്ഷയിക്കാന്‍ തുടങ്ങി. ചില ശക്തികള്‍ രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം വരാന്‍ സമ്മതിക്കില്ലെന്ന് ശഠിച്ചു. അതാണ് രാമക്ഷേത്ര നിര്‍മാണം ഇത്ര നാള്‍ നീണ്ടുപോയതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് അയോദ്ധ്യയിലെ ക്ഷേത്രത്തില്‍ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഹിന്ദു ചാന്ദ്ര കലണ്ടര്‍ അനുസരിച്ച്, 2025 ജനുവരി 11 ന് പ്രതിഷ്ഠാ ചടങ്ങ് നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി. ഈ ദിനത്തിലാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് മോഹന്‍ ഭഗവത് പറയുന്നത്.

കഴിഞ്ഞ വര്‍ഷം അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ വേളയില്‍ രാജ്യത്ത് ഭിന്നതയൊന്നും ഉണ്ടായിട്ടില്ലെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി.അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ദിന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ആഘോഷ പരിപാടികള്‍ യുപി സര്‍ക്കാര്‍ നടത്തിയിരുന്നു. ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാംലല്ല പ്രതിഷ്ഠയില്‍ അഭിഷേകം നടത്തി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്നലെയായിരുന്നു പരിപാടി അവസാനിച്ചത്.

Tags:    

Similar News