മക്കള്‍ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകന്‍; തെരഞ്ഞെടുപ്പിന് മുന്നെ മകനെ രാഷ്ട്രീയ കളരിയില്‍ പരീക്ഷിക്കാന്‍ നിതീഷ് കുമാര്‍; നിഷാന്ത് കുമാര്‍ ആദ്യമായി പൊതുവേദിയില്‍; വിമര്‍ശിച്ച് തേജസ്വി യാദവ്
നിഷാന്ത് കുമാര്‍ ആദ്യമായി പൊതുവേദിയില്‍
പട്‌ന: മക്കള്‍ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ രാഷ്ട്രീയ കളരിയില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ നിഷാന്ത് കുമാര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. നിഷാന്തിന്റഎ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിച്ചു ജെഡിയു മന്ത്രി ശ്രാവണ്‍ കുമാറും എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രംഗത്തെത്തി. കഴിഞ്ഞയാഴ്ച നിതീഷ് കുമാറിനൊപ്പം മകന്‍ നിഷാന്ത് ബക്ത്യാര്‍പുരിലെ പൊതുചടങ്ങില്‍ പങ്കെടുത്തതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
രാഷ്ട്രീയത്തില്‍ നിന്നകന്നു നിന്നിരുന്ന നിഷാന്ത് ആദ്യമായാണൊരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. നിതീഷ് കുമാറിന്റെ പിതാവ് കവിരാജ് രാംലഖന്‍ സിങ് ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളില്‍ പുഷ്പഹാരം അണിയിക്കുന്ന ചടങ്ങിനിടെ നിഷാന്ത് മാധ്യമങ്ങളോടു സംസാരിച്ചു. ബിഹാറിന്റെ വികസനത്തിനുള്ള സംഭാവനകള്‍ കണക്കിലെടുത്ത് നിതീഷ് കുമാറിനു വോട്ടു ചെയ്യണമെന്നു നിഷാന്ത് ജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ മുത്തച്ഛന്‍ കവിരാജ് വഹിച്ച പങ്കും നിഷാന്ത് അനുസ്മരിച്ചു.
നിഷാന്ത് കുമാറിനെ പോലുള്ള യുവാക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന വാദവുമായി ജെഡിയു മന്ത്രി ശ്രാവണ്‍ കുമാര്‍ പിന്തുണച്ചത് ഇക്കാര്യത്തില്‍ നിതീഷിന് എതിര്‍പ്പില്ലെന്നതിന്റെ സൂചനയായി. ബിഹാറില്‍ വികസനമുണ്ടായെന്ന നിഷാന്തിന്റെ അഭിപ്രായം യഥാര്‍ഥ സ്ഥിതിഗതികളെ കുറിച്ചു വിവരമില്ലാത്തതിനാലാണെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. മക്കള്‍ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന നിതീഷ് കുമാറിനു മനംമാറ്റമുണ്ടോയെന്ന ചോദ്യവും എതിര്‍ചേരിയില്‍ നിന്നുയരുന്നുണ്ട്.