അസമില്‍ 30കാരിയെ മക്കളുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ശേഷം ശരീരത്തില്‍ ആസിഡ് ഒഴിച്ചു; വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചത് അയല്‍വാസിയായ 28കാരന്‍

അസമില്‍ 30കാരിയെ മക്കളുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ശേഷം ശരീരത്തില്‍ ആസിഡ് ഒഴിച്ചു

Update: 2025-01-30 04:00 GMT

ദിസ്പൂര്‍: അസമിലെ കച്ചാറില്‍ യുവതിയെ മക്കളുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ശേഷം ശരീരത്തില്‍ ആസിഡ് ഒഴിച്ചതായി റിപ്പോര്‍ട്ട്. അയല്‍വാസിയായ 28കാരനാണ് രണ്ട് മക്കളുടെ അമ്മയായ 30കാരിയെ അതിക്രൂരമായി ആക്രമിച്ചത്. ജനുവരി 22നാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയം അതിക്രമിച്ചു കയറിയ യുവാവ് വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കുക ആയിരുന്നു.

ഇരുവരും തമ്മില്‍ സംഭവത്തിനു മുന്‍പ് വാക്കുതര്‍ക്കമുണ്ടായെന്നും മണിക്കൂറുകള്‍ക്ക് ശേഷം, യുവതിയുടെ ഭര്‍ത്താവ് ഇല്ലാത്ത സമയം നോക്കി പ്രതി യുവതിയുടെ വീട്ടിലേക്ക് കയറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തുമ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഭര്‍ത്താവ് എത്തുമ്പോള്‍ ഭാര്യയുടെ വായും കൈയും കാലും കെട്ടി നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഇത് കൂടാതെ ശരീരത്തില്‍ ആസിഡ് ഒഴിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

ശേഷം യുവതിയെ ഉടന്‍ തന്നെ സില്‍ചര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതി ഇപ്പോഴും ഒളിവിലാണ്. പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Tags:    

Similar News