മഹാ കുംഭമേളയില്‍ പങ്കെടുത്ത് രാഷ്ട്രപതി; ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തു; സംഗംഘാട്ടിലെ പൂജയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്ത് ദ്രൗപദി മുര്‍മു

മഹാ കുംഭമേളയില്‍ പങ്കെടുത്ത് രാഷ്ട്രപതി

Update: 2025-02-10 10:08 GMT

ന്യൂഡല്‍ഹി: മഹാ കുംഭമേളയില്‍ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ രാഷ്ട്രപതി സ്‌നാനം നടത്തി. പ്രയാഗ് രാജിലെ സംഗംഘാട്ടിലെ പൂജയിലും പ്രാര്‍ത്ഥനയിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുത്തു. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും ഡല്‍ഹി വോട്ടെടുപ്പ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുംഭമേളയിലെത്തി സ്‌നാനം നടത്തിയിരുന്നു.

രാവിലെ 10.30 ഓടെ പ്രയാഗ്രാജില്‍ എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഹനുമാന്‍ ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്രാജില്‍ ഒരുക്കിയിരുന്നത്.

നേരത്തെ, പ്രധാനമന്ത്രിയും കുംഭമേളയില്‍ എത്തിയിരുന്നു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ സ്നാനം നടത്തി. യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്. പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി. ഗംഗാനദിയില്‍ ആരതി നടത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് പുണ്യസംഗമസ്ഥാനത്ത് എത്തിയത്.

ഇതുവരെ 40 കോടി തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്തു എന്നാണ് കണക്കുകള്‍. ജനുവരി 13ന് ആരംഭിച്ച കുംഭമേള മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് അവസാനിക്കും.

ഇതിനിടെ, കുംഭമേള നടത്തിപ്പില്‍ സര്‍ക്കാറിനെതിരെ അഖിലേഷ് യാദവ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കുംഭമേളയ്‌ക്കെത്തുന്ന സാധാരണക്കാരായ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും സ്ത്രീകള്‍ക്ക് ഒരു സൗകര്യവും കുംഭമേള നഗരിയിലില്ലെന്നും അഖിലേഷ് എക്‌സില്‍ കുറിച്ചു. മുഖ്യമന്ത്രി സമ്പൂര്‍ണ തോല്‍വിയാണെന്നും ഉപമുഖ്യമന്ത്രിമാരെ കാണാനില്ലെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.

Tags:    

Similar News