പോലിസുകാരന്റെ അമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരത്തിലുണ്ടായിരുന്ന മാലയും കമ്മലും കാണാനില്ല: അയല്‍വാസിയായ 24കാരി അറസ്റ്റില്‍
പോലിസുകാരന്റെ അമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ചെന്നൈ: പൊലീസുകാരന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണംം കവര്‍ന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 70കാരിയായ വസന്തയെ കൊലപ്പെടുത്തിയ കേസില്‍ 24 കാരിയെ ആണ് പൊലീസ് അറസ്റ്റുചെയ്തത്. തൂത്തുക്കുടി തെരിപ്പണൈയില്‍ തനിച്ച് താമസിച്ചക്കുക ആയിരുന്ന വസന്തയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുക ആയിരുന്നു.
തൂത്തുക്കുടിയിലെ വസതിയില്‍ വസന്ത ഒറ്റയ്ക്കാണ് താമസം. വസന്തയുടെ രണ്ട് മക്കള്‍ കോയമ്പത്തൂരിലും പൊലീസ് കോണ്‍സ്റ്റബിളായ മകന്‍ വിക്രാന്ത് അനന്തപുരത്തുമാണ് താമസം. സാധാരണ പകല്‍ അയല്‍ വീടുകളിലെത്തി കുശലാന്വേഷണങ്ങള്‍ നടത്താറുള്ള വസന്തയെ ഇന്നലെ വൈകുന്നേരമായിട്ടും പുറത്തൊന്നും കണ്ടില്ല. വീട്ടിലെ കതക് അടഞ്ഞു കിടന്നതും ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ വിക്രാന്തിനെ ബന്ധപ്പെട്ടു. വീട്ടിലെത്തിയ വിക്രാന്ത് പിന്‍വശത്തെ വാതില്‍ വഴി അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ കിടക്കുന്ന മൃതദേഹം കണ്ടത്.
വസന്തയുടെ മാലയും കമ്മലും മൃതദേഹത്തില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ വിക്രാന്ത്, മോഷണത്തിനിടെയുളള കൊലപാതകം എന്ന് ഉറപ്പിച്ചു. അടുത്തുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രദേശവാസിയായ 24കാരി സെല്‍വരതി വസന്തയുടെ വീടിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടെത്തി. മേഘനാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.
ഉറങ്ങിക്കിടന്ന വസന്തയെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം സ്വര്‍ണം കവര്‍ന്ന് പിന്‍വശത്തെ വാതിലിലൂടെ കടന്നുകളഞ്ഞതായും സെല്‍വരതി വെളിപ്പെടുത്തി. വസന്തയുടെ ആഭരണങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. മുന്‍പും പല വീടുകളില്‍ നിന്നും പണം മോഷ്ടിച്ചതിന് പിടിയിലായിട്ടുള്ള സെല്‍വരതിക്കെതിരെ 2015ല്‍ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ സെല്‍വരതിയെ റിമാന്‍ഡ് ചെയ്തു.