സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കാന്‍ പോയി; മുതലയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
മുതലയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
ഗച്ചിറോളി: ഇന്ദ്രാവതി നദിയില്‍ സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവിന് മുതലയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിര്‍ത്തിക്കടുത്തുള്ള സിറോച്ച താലൂക്കിലെ ഇന്ദ്രാവതി നദിയിലാണ് സംഭവം. ശനിയാഴ്ച ഉച്ചക്കാണ് ആക്രമണം ഉണ്ടായത്. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ അട്ടുപള്ളി നിവാസിയായ സമിത് അംബാല (22) എന്ന യുവാവ് ആണ് മരിച്ചത്.
സമിത് പതിവുപോലെ മീന്‍ പിടിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം നദിക്കരയിലേക്ക് പോയതായിരുന്നു. വല എറിയുന്നതിനിടെ അപ്രതീക്ഷിതമായി മുതല അവനെ ആക്രമിക്കുകയായിരുന്നു. ശേഷം മുതല അയാളുടെ വലതു കാല്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചുകൊണ്ടുപോയി. കൂട്ടുകാര്‍ നിലവിളിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കുകയും ചെയ്തു. എങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. അപ്പോഴേക്കും മുതല അവനെ വെള്ളത്തിനടിയിലേക്ക് വലിച്ചു കൊണ്ടുപോയിരുന്നു. വിവരമറിഞ്ഞ് വലിയ ജനക്കൂട്ടം തന്നെ സ്ഥലത്ത് തടിച്ചുകൂടി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ മണിക്കൂറുകള്‍ തുടര്‍ന്നു. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട തീവ്ര ശ്രമത്തിനൊടുവിലാണ് ഗ്രാമവാസികള്‍ക്ക് യുവാവിന്റെ മൃതദേഹം നദിയില്‍ നിന്ന് പുറത്തെടുക്കാനായത്. മുതലയുടെ ആക്രമണത്തില്‍ യുവാവിന്റെ വലതു കാലിന് ഒടിവ് സംഭവിച്ചു. സിറോച്ച താലൂക്കിന്റെയും ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെയും അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇന്ദ്രാവതി നദി ഒഴുകുന്നത്. സിറോച്ച താലൂക്കിലാണ് സോമന്‍പള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതിനു എതിര്‍വശത്താണ് അട്ടുപള്ളി ഗ്രാമം.