നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി; ആഘോഷത്തിനിടെ റീല്‍സ് എടുക്കാന്‍ 13-ാം നിലയിലേക്ക് കയറി; താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം: മരണത്തില്‍ ദുരൂഹത

റീല്‍സ് എടുക്കാന്‍ 13-ാം നിലയിലേക്ക് കയറി; താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം

Update: 2025-06-27 01:56 GMT

ബെംഗളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി ആഘോഷത്തിനെത്തിയ യുവതി നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ചു. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശിനിയായ യുവതിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി ആഘോഷത്തിനായാണ് നന്ദിനിയും സുഹൃത്തുക്കളും രായസാന്ദ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് എത്തിയത്.

ആഘേഷത്തിനിടെ റീല്‍സ് എടുക്കുന്നതിനായാണ് നന്ദിനി മുകളിലേക്ക് കയറിയതെന്നും പൊലീസ് പറയുന്നു. റീല്‍സ് ചിത്രീകരണതിനിടെ നന്ദിനി കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. ലിഫ്റ്റ് ഡക്ടറ്റിലേക്കാണ് യുവതി വീണത്. സംഭവസ്ഥലത്ത് തന്നെ യുവതി മരിച്ചു. 10 വര്‍ഷമായി നിര്‍മാണം മുടങ്ങിക്കിടക്കുന്ന കെട്ടിടത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

നന്ദിനിക്കൊപ്പം ഒരു വനിതാ സുഹൃത്തും രണ്ട് ആണ്‍സുഹൃത്തുക്കളും ഉണ്ടായിരുന്നു.സംഭവത്തെ കുറിച്ച് പരപ്പന അഗ്രഹാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി അബദ്ധത്തില്‍ വീണു എന്നാണ് നിഗമനമെങ്കിലും അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയും കുടുംബം ആരോപിക്കുന്നു.

അതേസമയം യുവതിയുടെ ഫോണില്‍നിന്ന് റീല്‍സ് എടുത്തതിന്റെ റെക്കോര്‍ഡിങ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. തെക്കന്‍ ബെംഗളൂരുവിലെ രായസാന്ദ്രയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന നന്ദിനി ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശിനിയാണ്. റായസാന്ദ്രയ്ക്കടുത്തുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്നു നന്ദിനി.

Tags:    

Similar News