15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി ട്രെയിനില്‍; നവജാത ശിശുവിനെ സഹയാത്രികരെ ഏല്‍പ്പിച്ച ശേഷം പെറ്റമ്മ മുങ്ങി: യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി പോലിസ്

നവജാത ശിശുവിനെ ട്രെയിനിലെ സഹയാത്രികരെ ഏല്‍പ്പിച്ച ശേഷം പെറ്റമ്മ മുങ്ങി

Update: 2025-07-03 00:12 GMT

മുംബൈ: നവജാത ശിശുവുമായി ലോക്കല്‍ ട്രെയിനില്‍ കയറിയ ശേഷം കുഞ്ഞിനെ സഹയാത്രികരായ സ്ത്രീകളെ ഏല്‍പ്പിച്ച് പെറ്റമ്മ മുങ്ങി. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് യുവതി ലോക്കല്‍ ട്രെയിനിലെ സഹയാത്രക്കാരികളെ ഏല്‍പിച്ച ശേഷം കടന്ന് കളഞ്ഞത്. മുംബൈയിലെ പന്‍വേലിയിലാണ് സംഭവം. ഹാര്‍ബര്‍ ലൈനില്‍ പന്‍വേലിലേക്കു പോകുന്ന ട്രെയിനില്‍ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് യുവതിക്കായി അന്വേഷണം ആരംഭിച്ചു.

കുഞ്ഞും ലഗേജുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീ, തനിക്കു സീവുഡ്‌സ് സ്റ്റേഷനിലാണ് ഇറങ്ങേണ്ടതെന്നും സഹായിക്കണമെന്നും സഹയാത്രക്കാരായ രണ്ട് സ്ത്രീകളോട് അഭ്യര്‍ഥിച്ചിരുന്നു. അതോടെ, ജുയിനഗറില്‍ ഇറങ്ങേണ്ടിയിരുന്ന സ്ത്രീകള്‍ അവരുടെ യാത്ര സീവുഡ്‌സ് വരെ നീട്ടി. ട്രെയിന്‍ സീവുഡ്‌സില്‍ എത്തിയപ്പോള്‍ അവര്‍ രണ്ടുപേരും ആദ്യം പുറത്തിറങ്ങുകയും യുവതി കുഞ്ഞിനെ അവര്‍ക്കു കൈമാറുകയും ചെയ്തു. തുടര്‍ന്ന്, ലഗേജ് എടുക്കാനെന്ന വ്യാജേന അവര്‍ സീറ്റിനടുത്തേക്ക് പോയെങ്കിലും തിരിച്ചുവന്നില്ല. അതിനിടെ, ട്രെയിന്‍ ചലിച്ചുതുടങ്ങി.

അവര്‍ അബദ്ധത്തില്‍ ട്രെയിനില്‍ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരില്‍ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാര്‍ കുഞ്ഞുമായി ഏറെ നേരം അവിടെ തന്നെ കാത്തിരുന്നു. എന്നിട്ടും അവര്‍ എത്താതിരുന്നതോടെയാണു കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഈ സ്ത്രീകള്‍ പൊലീസില്‍ പരാതിപ്പെടുക ആയിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് യുവതി പന്‍വേലിനു തൊട്ടുമുന്‍പുള്ള ഖാന്ദേശ്വര്‍ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്കു പോയെന്നു കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞദിവസം താനെ ഭിവണ്ടിയില്‍ 3 ദിവസം പ്രായമായ കുഞ്ഞിനെ റോഡരികില്‍ ബാസ്‌ക്കറ്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു.

Tags:    

Similar News