മണിപ്പുരിലെ രാഷ്ട്രപതി ഭരണം ആറുമാസത്തേക്കു കൂടി നീട്ടും; ഉത്തരവ് ഓഗസ്റ്റ് 13ന് പ്രാബല്യത്തില്‍ വരും
മണിപ്പുരിലെ രാഷ്ട്രപതി ഭരണം ആറുമാസത്തേക്കു കൂടി നീട്ടും
ഡല്‍ഹി: മണിപ്പുരിലെ രാഷ്ട്രപതി ഭരണം ആറുമാസത്തേക്കു കൂടി നീട്ടും. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 13 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. മണിപ്പുരിലെ രാഷ്ട്രപതി ഭരണം സംബന്ധിച്ച അമിത് ഷായുടെ നേട്ടിസ് ജൂലായ് 24ന് രാജ്യസഭ സ്വീകരിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സഭ ഉച്ചയ്ക്ക് രണ്ടുമണിയോടെ സഭ നിര്‍ത്തിവച്ചിരുന്നു. ''മണിപ്പുരിനെ സംബന്ധിച്ച് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം രാഷ്ട്രപതി പുറപ്പെടുവിച്ച പ്രഖ്യാപനം ആറുമാസത്തേയ്ക്ക് കൂടി നീട്ടുന്നതിന് ഈ സഭ അംഗീകാരം നല്‍കുന്നു'' എന്നാണ് പ്രമേയത്തില്‍ പറയുന്നത്.
മെയ്തയ് കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തെ തുടര്‍ന്ന് ഫെബ്രുവരി 13നാണ് മണിപ്പുരില്‍ രാഷ്ട്രപതി ഭരണം തുടങ്ങിയത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചിരുന്നു. പിന്നാലെയാണ് മണിപ്പുരില്‍ രാഷ്ട്രപതി ഭരണം നിലവില്‍വന്നത്. 2023ലാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്.