ഗോണ്ടയില്‍ വാഹനം സരയൂ കനാലിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് കുട്ടികളുള്‍പ്പടെ 11 പേര്‍ മരിച്ചു; നാലു പേര്‍ക്ക് പരിക്കേറ്റു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് കുട്ടികളടക്കം 11 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. 15 പേരുമായി യാത്ര ചെയ്തിരുന്ന വാഹനം നിയന്ത്രണംവിട്ട് സരയൂ കനാലിലേക്ക് പതിക്കുകയായിരുന്നു. മരിച്ചവരില്‍ ആറ് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്.
സീഹ്ഗാവ്-ഖരഗൂപ്പൂര്‍ റോഡില്‍ മൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന് സമീപമാണ് ദാരുണ സംഭവം നടന്നത്. അപകടത്തില്‍പ്പെട്ടവര്‍ പൃഥ്വിനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനായി പോകുന്നവരായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും കനാലില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യുപി മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.