വളരെ തിരക്കേറിയ റെയിൽവേ സ്റ്റേഷൻ; അതിന്റെ ഒത്ത നടുവിൽ നിന്ന് ക്യൂട്ട്നെസ് കാട്ടി യുവതിയുടെ റീൽ ഷൂട്ട്; തനിക്ക് നേരെ പാഞ്ഞെടുത്ത മറ്റൊരു സ്ത്രീയുടെ വരവിൽ എട്ടിന്റെ പണി
കൊൽക്കത്ത: റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും ട്രാക്കുകളിലും റീൽസ് ചിത്രീകരിക്കുന്ന പ്രവണത പലപ്പോഴും അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്. ഇത്തരത്തിൽ തിരക്കേറിയ ഒരു റെയിൽവേ സ്റ്റേഷനിൽ റീൽസ് ചിത്രീകരിച്ച യുവതിക്ക് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പരിക്ക്. പശ്ചിമ ബംഗാളിലെ നായിഹട്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിനിലേക്ക് ആളുകൾ കയറാൻ തിക്കി തിരക്കുന്നതിനിടയിലാണ് യുവതി നൃത്തം ചെയ്യുന്ന റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ചത്. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കാതെ യുവതി നൃത്തം തുടർന്നു. ഈ സമയത്ത്, നിയന്ത്രണം വിട്ട് വന്ന ഒരു സ്ത്രീ യുവതിയിൽ ഇടിക്കുകയും യുവതിയുടെ ബാലൻസ് തെറ്റി താഴെ വീഴുകയുമായിരുന്നു.
ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. "ഇത്തരം റീൽസ് ചെയ്യുന്നവർ രാജ്യത്ത് വൈറസ് പോലെ പടർന്നിരിക്കുകയാണ്," ഒരാൾ കമന്റ് ചെയ്തു. "ഇത്തരം ആളുകൾക്കെതിരെ പൊതുശല്യത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണം," മറ്റൊരാൾ കുറിച്ചു. ചിലർ രസകരമായ കമന്റുകൾ രേഖപ്പെടുത്തിയെങ്കിലും, ഇത്തരം ചിത്രീകരണങ്ങൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടി.