പത്തുമിനിറ്റിനകം പൊട്ടിത്തെറിക്കുമെന്ന് സന്ദേശം; ഗഡ്കരിയുടെ നാഗ്പുരിലെ വസതിക്ക് നേരെ വ്യാജ ബോംബ് ഭീഷണി; യുവാവ് കസ്റ്റഡിയില്‍

Update: 2025-08-03 13:05 GMT

നാഗ്പുര്‍: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നാഗ്പുരിലെ വസതിക്കുനേരെ വ്യാജ ബോംബ് ഭീഷണി. യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വാര്‍ധാ റോഡില്‍ സ്ഥിതിചെയ്യുന്ന ഗഡ്കരിയുടെ വസതിയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും പത്തുമിനിറ്റിനകം പൊട്ടിത്തെറിക്കുമെന്നുമായിരുന്നു നാഗ്പുര്‍ സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് വന്ന സന്ദേശം. പരിശോധനയില്‍ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഉമേഷ് വിഷ്ണു റാവുത്ത് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തിയതിന് പിന്നാലെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ബോംബ് സ്‌ക്വാഡിനെ അയക്കുകയും ചെയ്തതായി നാഗ്പുര്‍ ഡിസിപി എസ്. ഋഷികേഷ് റെഡ്ഡി പറഞ്ഞു. പോലീസ് സംഘവും ഗഡ്കരിയുടെ വസതിയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. സന്ദേശം വ്യാജമാണെന്ന് വ്യക്തമായതോടെ കോള്‍ വന്ന മൊബൈല്‍ നമ്പറിന്റെ ഉടമയേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സക്കര്‍ദാര സ്വദേശിയാണ് ഉമേഷ് എന്ന് പോലീസ് പറഞ്ഞു. മെഡിക്കല്‍ സ്‌ക്വയറിന് സമീപമുള്ള മദ്യശാലയിലെ ജീവനക്കാരനാണ് ഉമേഷ് എന്നാണ് വിവരം. അതേസമയം സംഭവത്തിന് പിന്നാലെ ഗഡ്കരിയുടെ വസതിയുടെ സുരക്ഷ വര്‍ധിപ്പിച്ചതായി പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

Similar News