ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെതിരെ നടപടിയെടുത്തില്ല; മനം നൊന്ത് ബിഎഡ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; എബിവിപി നേതാവുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

എബിവിപി നേതാവുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

Update: 2025-08-04 05:53 GMT

ഭുവനേശ്വര്‍: ഒഡീഷയില്‍ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെതിരെ നടപടിയടുക്കാത്തതില്‍ മനംനൊന്ത് രണ്ടാം വര്‍ഷ ബിഎഡ് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുഭത് സന്ദീപ് നായക്, ജ്യോതി പ്രകാശ് എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

ബാലസോറിലെ ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളേജില്‍ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെതിരെ നടപടിയടുക്കാത്തതില്‍ മനംനൊന്തായിരുന്നു വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്ത്ത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ജൂലായ് 15ന് മരണമടയുകയായിരുന്നു.വകുപ്പ് മേധാവി സമീര്‍ രഞ്ജന്‍ സാഹുവിനെതിരെ നിരന്തരം പരാതി നല്‍കിയിട്ടും പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ കോളേജ് ഭരണകൂടം പരാതി അവഗണിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യ ചെയ്യുന്ന സമയം എബിവിപി നേതാവ് ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രിന്‍സിപ്പലിനെയും എച്ച്ഒഡിയെയും നേരത്തെ തന്നെ അറസ്റ്റ് ചെയ്യുകയും തല്‍സ്ഥാനങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥിനിയെ മാനസികമായ ആത്മഹത്യാ പ്രേരണ, ലൈംഗിക പീഡനം, അപമാനിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.

Similar News