ഭവനവില വര്‍ധന; ലോകത്തെ പ്രധാനനഗരങ്ങളില്‍ നാലാംസ്ഥാനം ബെംഗളൂരുവിന്
ഭവനവില വര്‍ധന; ലോകത്തെ പ്രധാനനഗരങ്ങളില്‍ നാലാംസ്ഥാനം ബെംഗളൂരുവിന്
ബെംഗളൂരു: ഭവനവില വര്‍ധനയില്‍ ലോകത്തെ പ്രധാനനഗരങ്ങളില്‍ ബെംഗളൂരുവിന് നാലാംസ്ഥാനം. പട്ടികയില്‍ ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സിയോളാണ് ഒന്നാമത്. രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ്ഫ്രാങ്കിന്റെ പ്രൈം ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡെക്സ് പ്രകാരം ഏപ്രില്‍മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ ബെംഗളൂരുവില്‍ ഭവനവിലയിലുണ്ടായിരിക്കുന്നത് 10.2 ശതമാനം വര്‍ധനയാണ്.
സിയോളില്‍ വീടുവില 25.2 ശതമാനം വിലവര്‍ധിച്ചു. രണ്ടാംസ്ഥാനം ടോക്യോയ്ക്കും (16.3 ശതമാനം), മൂന്നാംസ്ഥാനം ദുബായ്ക്കുമാണ് (15.8 ശതമാനം). ലോകത്തെ പ്രധാന 46 നഗരങ്ങളാണ് സൂചികയില്‍ ഇടംനേടിയിരിക്കുന്നത്. വിലവര്‍ധനയില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനം മുംബൈയ്ക്കാണ്. 8.7 ശതമാനാണ് മൂന്നുമാസത്തില്‍ മുംബൈയിലെ ഭവനവിലയിലുണ്ടായിരിക്കുന്ന വര്‍ധന. ആഗോളതലത്തില്‍ മുംബൈയ്ക്ക് ആറാംസ്ഥാനമാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി (3.9 ശതമാനം) ആഗോളതലത്തില്‍ 15-ാമതാണ്.
മുംബൈയും ഡല്‍ഹിയും കഴിഞ്ഞ സൂചികപ്രകാരവും ഇതേസ്ഥാനത്തായിരുന്നു. എന്നാല്‍, ബെംഗളൂരു അഞ്ചാം സ്ഥാനത്തുനിന്നാണ് ക്വലാലംപുരിനെ മറികടന്ന് നാലാമത് എത്തിയത്. ആഗോളതലത്തില്‍ കഴിഞ്ഞ മൂന്നുമാസത്തെ ശരാശരി ഭവനവിലവര്‍ധന 2.3 ശതമാനമാണ്. എന്നാല്‍, ഇന്ത്യയില്‍ ഇത് 3.5 ശതമാനമാണ്.