യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്; മയൂര്‍വിഹാറില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി
ന്യൂഡല്‍ഹി: യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യത. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജലനിരപ്പ് 206 മീറ്ററായി മാറുമെന്നും അതിനാല്‍ വെള്ളപ്പൊക്ക മേഖലയിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹത്‌നികുണ്ഡില്‍ നിന്ന് തുറന്നു വിട്ട ജലം 48 മുതല്‍ 50 മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയിലെത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. മയൂര്‍വിഹാറില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ അഞ്ചുവരെ മഴ തുടരുമെന്നാണ് മുന്നയിപ്പ്.
വസീറാബാദ്, ഹത്‌നികുണ്ഡ് ബാരേജുകളില്‍നിന്ന് ഒഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. തിങ്കളാഴ്ച ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് പഴയ റെയില്‍വേ പാലത്തില്‍ ജലനിരപ്പ് 204.87 മീറ്ററായി ഉയര്‍ന്നു. ജലനിരപ്പ് 206 മീറ്ററായാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കും. നദിയുടെ ഒഴുക്കും വെള്ളപ്പൊക്ക സാധ്യതകളും നിരീക്ഷിക്കുന്നതിനുള്ള പ്രധാന നിരീക്ഷണ കേന്ദ്രമാണ് പഴയ റെയില്‍വേ പാലം.
ഞായറാഴ്ച രാവിലെ ജലനിരപ്പ് 205.22 മീറ്ററായി ഉയര്‍ന്നു. നഗരത്തിലേക്കുള്ള മുന്നറിയിപ്പ് അടയാളം 204.50 മീറ്ററും അപകടരേഖ 205.33 മീറ്ററുമാണ്. ഹത്‌നികുണ്ഡില്‍ നിന്നു മാത്രം മണിക്കൂറില്‍ 46,968 ക്യുസെക്‌സ് വെള്ളമാണ് നദിയിലേക്കെത്തുന്നത്. അതേസമയം വസീറാബാദില്‍ നിന്ന് ഏകദേശം 38,900 ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു.