ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കിലും അവരെ ചതിക്കരുത്; വിരമിക്കുന്ന അഗ്‌നിവീറുകളെ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളിലേക്ക് വിടുന്നതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വിരമിക്കുന്ന അഗ്‌നിവീര്‍ ജവാന്‍മാരെ രാജ്യത്തെ ഏറ്റവും മികച്ച 10 സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഓപറേഷന്‍ സിന്ദൂറില്‍ മികച്ച സേവനം കാഴ്ച്ചവെച്ച സൈനികര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കിലും അവരെ ചതിക്കരുത്. അഗ്‌നിവീര്‍ സ്‌കീം രാജ്യത്തിന്റെ സുരക്ഷക്കും യുവാക്കള്‍ക്കും നല്ലതല്ല. അതിനാല്‍ അത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കേന്ദ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം കോണ്‍ഗ്രസ് ചോദ്യം ചെയ്തു. പെന്‍ഷന്‍ കിട്ടുന്ന സര്‍ക്കാര്‍ ജോലിയാണ് അവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതെന്ന് കോണ്‍ഗ്രസിലെ വിമുക്ത ഭടന്മാര്‍ക്കുള്ള സെല്ലിന്റെ ചെയര്‍മാന്‍ കേണല്‍ (റിട്ട.) രോഹിത് ചൗധരി ഓര്‍മിപ്പിച്ചു. പെന്‍ഷനോടെയുള്ള സര്‍ക്കാര്‍ ജോലി കേന്ദ്ര-സംസ്ഥാന വകുപ്പുകളില്‍ വാഗ്ദാനം ചെയ്തിട്ട് ഇപ്പോള്‍ അവരെ സെക്യൂരിറ്റി ഏജന്‍സികളിലേക്ക് നിയമിക്കുമെന്ന് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.