ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ച് മകന്‍; വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് പിതാവ്; ഇരുവരും അറസ്റ്റില്‍

Update: 2025-11-01 12:53 GMT

ന്യൂഡല്‍ഹി: ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്കില്‍ നിന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത മകനും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പിതാവും അറസ്റ്റില്‍. ഡല്‍ഹിയിലെ ശാസ്ത്രിനഗറിലാണ് സംഭവം. തോക്ക് പിതാവിന്റെ പേരിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും എന്നാല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്കാണ് ഇവര്‍ ഉപയോഗിച്ചത് എന്നുമാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തി നേടുന്നതിനായാണ് താന്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തതെന്ന് സുമിത് പൊലീസിനോടു പറഞ്ഞു.

കാറ്ററിങ് ബിസിനസ്സുകാരനായ മുകേഷ് കുമാര്‍ (42), മകന്‍ സുമിത് കുമാര്‍ (22) എന്നിവര്‍ക്കെതിരെ ആയുധ നിയമം ലംഘിച്ചതിനാണ് കേസ്. ''ആന്റി-നാര്‍ക്കോട്ടിക്‌സ് സെല്ലിന്റെ ഒരു സംഘം ശാസ്ത്രി നഗര്‍ പ്രദേശത്ത് പതിവ് പട്രോളിങ് നടത്തുകയായിരുന്നു. വൈകിട്ട് 5 മണിയോടെ, ഒരു യുവാവ് ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന സമൂഹമാധ്യമത്തിലെ റീലിനെക്കുറിച്ച് സംഘത്തിനു പ്രത്യേക വിവരം ലഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, വേഗത്തില്‍ പ്രവര്‍ത്തിച്ച സംഘം ശാസ്ത്രി നഗറിലെ കടയിലെത്തി പ്രതികളെ കണ്ടെത്തി പിടികൂടി'' നോര്‍ത്ത് ജില്ലാ ഡിസിപി രാജ ബന്തിയ പറഞ്ഞു. വീട്ടില്‍ നിന്നും പൊലീസ് തോക്ക് പിടിച്ചെടുത്തു. പൊതുജന സുരക്ഷ പണയപ്പെടുത്തി ഓണ്‍ലൈന്‍ ശ്രദ്ധ നേടുന്നതിനായി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ വര്‍ധിച്ചുവരുന്ന പ്രവണതയെയാണ് ഇത്തരം സംഭവങ്ങളെന്ന് പൊലീസ് പറഞ്ഞു.

Similar News