അവർക്ക് ഇതൊക്കെ വീഡിയോ ഗെയിം കളിക്കുന്നത് പോലെയാണ്; ഞാൻ ഒന്ന് ഓവർടേക്ക് ചെയ്തത് മാത്രമേ ഓർമയുള്ളൂ; എന്റെ ദൈവമേ വയ്യ..; റോഡിലെ അനുഭവം തുറന്നുപറഞ്ഞ് യുവതി; ചൂടൻ ചർച്ച

Update: 2025-11-01 11:44 GMT

ഡൽഹി: ഇന്ത്യൻ റോഡുകളിൽ സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നത് പലപ്പോഴും "എക്‌സ്‌പേർട്ട് മോഡ്" വീഡിയോ ഗെയിം കളിക്കുന്നതിന് തുല്യമാണെന്ന് ഡൽഹി സ്വദേശിനിയായ ഹർഷിത സിംഗ്. അടുത്തിടെ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് ഹർഷിത തൻ്റെ അനുഭവം തുറന്നുപറഞ്ഞത്. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

തൻ്റെ കാർ ഓവർടേക്ക് ചെയ്തതിൻ്റെ പേരിൽ ഒരു യുവാവ് തന്നെ പിന്തുടർന്ന് കാർ തടഞ്ഞ സംഭവം ഹർഷിത വിവരിച്ചു. ഏകദേശം അര കിലോമീറ്ററോളം തന്നെ ശല്യപ്പെടുത്തിയ ശേഷം, "നീ പെണ്ണായതുകൊണ്ട് വെറുതെ വിടുന്നു, ഇതൊരു തന്ത്രമാണ്" എന്ന് അയാൾ പറഞ്ഞതായും ഹർഷിത പങ്കുവെച്ചു. യുവതി ഓവർടേക്ക് ചെയ്തത് പുരുഷൻ്റെ ഈഗോയെ വ്രണപ്പെടുത്തിയതിനാലാണ് ഇങ്ങനെ പെരുമാറിയതെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ റോഡുകളിലെ പ്രധാന പ്രശ്നം നിയമങ്ങളോ ഗതാഗതക്കുരുക്കുകളോ അല്ല, മറിച്ച് ആളുകളുടെ പെരുമാറ്റരീതിയാണെന്ന് ഹർഷിത കുറ്റപ്പെടുത്തി. അടിസ്ഥാന റോഡ് നിയമങ്ങൾ പോലും പലരും അവഗണിക്കുന്നു. വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കുള്ളതാണ് വലത് വശം എന്ന നിയമം നിലവിലുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ല. റോഡിൻ്റെ നടുവിൽ നിന്നുകൊണ്ട് പെട്ടെന്ന് വാഹനം നിർത്തുന്നതും അപകടങ്ങൾക്ക് കാരണമാവുന്നു.

സ്ത്രീ ഡ്രൈവർമാരെക്കുറിച്ചുള്ള പൊതു ധാരണയെയും ഹർഷിത വിമർശിച്ചു. ഒരു പുരുഷൻ മോശമായി ഡ്രൈവ് ചെയ്താൽ, അതിനെ ട്രാഫിക് മോശമായിരുന്നതിൻ്റെ ഫലമായി കാണുമ്പോൾ, ഒരു സ്ത്രീ മോശമായി ഡ്രൈവ് ചെയ്താൽ അവളെ ഡ്രൈവിംഗ് അറിയാത്തവളായി മുദ്രകുത്തുന്നു. ഇത് തെറ്റായ ധാരണയാണെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ റോഡുകൾക്ക് നിയമങ്ങളെക്കാളേറെ പൗരബോധം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഹർഷിത തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. 

Tags:    

Similar News