കര്‍ണാടകത്തില്‍ ബാലികാ വിവാഹങ്ങള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 8,351 ബാലികാ വിവാഹ ശ്രമങ്ങള്‍: 6,181 വിവാഹങ്ങള്‍ തടസ്സപ്പെടുത്തി യപ്പോള്‍ നടന്നത് 2,170 വിവാഹങ്ങള്‍
കര്‍ണാടകത്തില്‍ ബാലികാ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
ബെംഗളൂരു: കര്‍ണാടകത്തില്‍ ബാലികാ വിവാഹങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയാണ് ബാലികാ വിവാഹങ്ങള്‍ വര്‍ധിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ സംസ്ഥാനത്ത് 2,623 ബാലികാ വിവാഹ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു.
ഐടി നഗരമായ ബെംഗളൂരുവില്‍ ഉള്‍പ്പെടെ ബാലികാവിവാഹങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബെംഗളൂരുവില്‍ 2023 മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 324 ബാലികാ വിവാഹ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 8,351 ബാലികാ വിവാഹ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 6,181 വിവാഹങ്ങള്‍ തടസ്സപ്പെടുത്തി പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനായി. 2,170 വിവാഹങ്ങള്‍ തടയാനായില്ല. ഇത്രയും ബാലികാവിവാഹങ്ങളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും മന്ത്രി ചോദ്യത്തിനുത്തരമായി എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.