സ്വത്ത് ഭാഗം വെച്ചതിനെ ചൊല്ലി തര്‍ക്കം; 72കാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം തീപിടിത്തമെതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: സഹോദരി പുത്രന് 31 വര്‍ഷം തടവ്
വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു; സഹോദരീപുത്രന് 31 വർഷം തടവ്
തൊടുപുഴ: സ്വത്ത് ഭാഗം വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുട്ടത്ത് എഴുപത്തിരണ്ടുകാരിയെ തീ കൊളുത്തികൊന്ന കേസില്‍ സഹോദരീപുത്രനു വിവിധ വകുപ്പുകളിലായി 31 വര്‍ഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മുട്ടം തോട്ടുങ്കര ഊളാനിയില്‍ സരോജിനി കൊല്ലപ്പെട്ട കേസില്‍ വെള്ളത്തൂവല്‍ സ്വദേശി സുനില്‍കുമാറിനെ (56) ആണ് ശിക്ഷിച്ചത്. മൂന്നാം അഡിഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എസ്.എസ്.സീനയാണ് ശിക്ഷ വിധിച്ചത്.
2021 മാര്‍ച്ച് 31ന് ആയിരുന്നു കൊലപാതകം നടന്നത്. സരോജിനിക്കൊപ്പമാണ് സുനില്‍കുമാര്‍ താമസിച്ചിരുന്നത്. മക്കള്‍ ഒന്നുമില്ലാത്ത സരോജിനിയുടെ സ്വത്ത് ഭാഗംവച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുട്ടം തോട്ടുംകരയിലെ വീട്ടില്‍വച്ച് സരോജിനിയെ സുനില്‍കുമാര്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ സരോജിനിയുടെ നാല് വാരിയെല്ലുകള്‍ പൊട്ടി. തുടര്‍ന്നു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു. ശഏഷം വീട്ടിലെ പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട് തീപിടിത്തമുണ്ടായെന്നു വരുത്തിത്തീര്‍ക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ നാലു വര്‍ഷമായി ഇയാള്‍ ജയിലില്‍ തുടരുകയാണ്. ഇതുവരെ 4 വര്‍ഷം ജയിലില്‍ കഴിഞ്ഞതു ശിക്ഷയില്‍നിന്ന് ഇളവു ചെയ്യാനാകില്ലെന്നു കോടതി വിധിച്ചു. സരോജിനിയുടെ വീട്ടില്‍ സഹായിയായി താമസിക്കുകയായിരുന്നു സുനില്‍. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കര്‍ സ്ഥലം അടക്കം 6 കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു. സ്വത്തുക്കള്‍ 2 സഹോദരിമാര്‍ക്കും അവരുടെ 9 മക്കള്‍ക്കുമായി വീതംവച്ചു നല്‍കിയതാണു പ്രതിക്കു വൈരാഗ്യത്തിനു കാരണമായതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ജോണി അലക്സ് മഞ്ഞക്കുന്നേല്‍ ഹാജരായി.