ആന്ധ്രാപ്രദേശില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്: മൂന്ന് ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു: അപകടകാരണം പൈപ്പ് ലൈനില്‍ ഉണ്ടായ വിള്ളല്‍
ആന്ധ്രാപ്രദേശില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വന്‍ തീപിടിത്തം
കാക്കിനട: ആന്ധ്രാപ്രദേശിലെ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ പൈപ്പ് ലൈന്‍ ചോര്‍ന്ന് വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഡോ. ബി.ആര്‍. അംബേദ്കര്‍ കോനസീമ ജില്ലയിലുള്ള ഒഎന്‍ജിസിയുടെ മോറി-5 (Mori5) ഗ്യാസ് കിണറിലെ പൈപ്പ്ലൈനിലാണ് ചോര്‍ച്ചയും വന്‍ തീപ്പിടുത്തവുമുണ്ടായത്.
മാലിക്പുരം മണ്ഡലിലെ ഗ്യാസ് കിണറിലെ പൈപ്പ് ലൈനില്‍ ഡീപ് ഇന്‍ഡസ്ട്രീസ് കമ്പനി ഡ്രില്ലിങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൈപ്പ് ലൈനില്‍ വിള്ളലുണ്ടായതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ പുറത്തേക്ക് തെറിക്കുകയും തീപ്പിടിച്ച് സ്‌ഫോടനം നടക്കുകയുമായിരുന്നെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ പ്രദേശത്തെ മൂന്ന് ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് കറുത്ത പുക പടരുന്ന സാഹചര്യത്തിലാണ് മൂന്ന് ഗ്രാമങ്ങളും ഒഴിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നതിനായി ഒഎന്‍ജിസി സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ കാക്കിനടയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മാലിക്പുരം മണ്ഡലിന്റെ പല ഭാഗങ്ങളിലും തീയും പുകയും പടര്‍ന്നതോടെ ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഖം രേഖപ്പെടുത്തി. ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീര്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒഎന്‍ജിസിയുടെ രാജമണ്‍ഡ്രി അസറ്റിലെ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനായി 2024-ല്‍ 1,402 കോടി രൂപയുടെ കരാറാണ് ഡീപ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നേടിയത്. നിലവില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.