പീഡന ശ്രമം തടയുന്നതിനിടെ യുവതിയേയും ഭര്‍ത്താവിനെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും കൊന്നു തള്ളി: സുഹൃത്തുക്കളായ അഞ്ചു പേര്‍ പിടിയില്‍

കൊല്ലപ്പെട്ടത് പീഡനശ്രമം തടയാൻ ശ്രമിച്ചപ്പോൾ; സുഹൃത്തുക്കൾ പിടിയിൽ

Update: 2026-01-29 02:02 GMT

ചെന്നൈ: ചെന്നൈയില്‍ മൂന്നംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളികളായ അഞ്ചു പേര്‍ അറസ്റ്റില്‍. പീഡന ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബീഹാറില്‍ നിന്നുള്ള മൂന്നംഗ കുടുംബം ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം നടന്നത്. യുവതിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം തടയുന്നതിനിടെയാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ അടക്കം ദാരുണമായി കൊലചെയ്തത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തുക്കളായ അഞ്ചു പേരാണ് പോലിസിന്റെ പിടിയിലായത്.

ഗൗരവ് കുമാര്‍, മനിത കുമാരി എന്നീ ദമ്പതികളും ഇവരുടെ കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഗൗരവിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍ അഞ്ചുപേരും. അഞ്ചംഗ സംഘം ഗൗരവും മനിതയും താമസിക്കുന്നിടത്തെത്തി മനിതയെ പീഡിപ്പിക്കാന്‍ ശ്രമിക്കുക ആയിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂവരും കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അഡയാറിലെ ഉയര്‍ന്ന പ്രദേശത്ത് ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയിലാണ് ഗൗരവ് കുമാറിന്റെ മൃതദേഹം കണ്ടെടുത്തത്. ബുധനാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മനിത കുമാരിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മനിതാ കുമാരിക്കായി പോലിസ് അന്വേഷണം തുടരുകയാണ്.

ഗൗരവിന്റെ മൃതദേഹത്തിലെ ട്രൗസറിന്റെ പോക്കറ്റില്‍നിന്നും ലഭിച്ച മൊബൈല്‍ നമ്പറില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തരമണിയിലുള്ള ഒരു പോളിടെക്നിക് കോളേജില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്നു ഗൗരവ്. അവിടെ കാമ്പസിലാണ് ഗൗരവ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇത്രയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് പ്രത്യേക ടീമുകളായി തിരിഞ്ഞ് ചെന്നൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച പ്രതികളെ പിടികൂടിയത്. ഗൗരവിന്റെ സുഹൃത്തുക്കളായ ഏഴ് പേരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലില്‍ അവരില്‍ അഞ്ചുപേര്‍ ഗൗരവിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചെന്നും കണ്ടെത്തി. സംഭവസമയത്ത് പ്രതികള്‍ അഞ്ചുപേരും മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags:    

Similar News