ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോക്കിടെ അശ്ലീല പരാമര്‍ശം; ചോദ്യം ചെയ്യലിന് ഹാജറാകാന്‍ നടി രാഖി സാവന്തിന് നോട്ടീസ്
നടി രാഖി സാവന്തിന് നോട്ടീസ്
മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോക്കിടെയുണ്ടായ അശ്ലീല പരാമര്‍ശത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് നടി രാഖി സാവന്തിന് നോട്ടീസ് നല്‍കി മഹാരാഷ്ട്ര പോലീസ് സൈബര്‍ സെല്‍. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയുടെ 12ാം എപ്പിസോഡില്‍ ഗസ്റ്റായിരുന്നു രാഖി സാവന്ത്.
കൊമേഡിയന്‍ സമയ് റെയ്നയുടെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന പരിപാടിയിലായിരുന്നു രണ്‍വീര്‍ അല്ലാബാദിയ വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ രണ്‍വീര്‍ അല്ലാബാദിയ വിവാദ പരാമര്‍ശം നടത്തിയ ഷോയില്‍ രാഖി സാവന്ത് പാനലിസ്റ്റായിരുന്നില്ല. ഷോയുടെ ഒരു എപ്പിസോഡില്‍ മാത്രമാണ് രാഖി അതിഥിയായെത്തിയത്. ഈ ഷോയില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് ആക്ഷേപം. വിവാദമുണ്ടാക്കിയ യൂട്യുബ് കണ്ടന്റ് ഒഴിവാക്കാന്‍ സൈബര്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യൂട്യൂബര്‍ ആശിഷ് സോളങ്കി, കൊമേഡിയന്‍ മഹീപ് സിങ്, റാപ്പര്‍ യഷ് രാജ്, ദി ഹാബിറ്റാറ്റ് ഉടമ ബല്‍രാജ് സിങ് ഗയ് എന്നിവരും പാനലിലുണ്ടായിരുന്നു. യൂട്യൂബര്‍ ആശിഷ് ചഞ്ചലാനിയോടും രണ്‍വീര്‍ അല്ലാബാദിയയോടും തിങ്കളാഴ്ച മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാനും സൈബര്‍ സെല്‍ നിര്‍ദേശിച്ചു.
ഗുവാഹതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കുകയോ മുംബൈയിലേക്ക് മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ചഞ്ചലാനി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹരജി പരിഗണിച്ച സുപ്രീംകോടതി മഹാരാഷ്ട്ര, അസം സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
നടീ നടന്‍മാര്‍, നിര്‍മാതാക്കള്‍, പാനലിസ്റ്റുകള്‍, തുടങ്ങി ഷോയുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട് 42 പേരെ സൈബര്‍ സെല്‍ വിളിപ്പിച്ചിട്ടുണ്ട്. സമയ് റെയ്‌നയാണ് ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ നടത്തുന്നത്. വിവാദ പരാമര്‍ശത്തില്‍ അല്ലാബാദിയക്ക് സുപ്രീംകോടതി അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു.