അവയവദാനത്തിനായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 42 ദിവസത്തെ അവധിക്ക് അര്‍ഹത; കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പാര്‍ലമെന്റില്‍

അവയവദാനത്തിനായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 42 ദിവസത്തെ അവധിക്ക് അര്‍ഹത

Update: 2025-04-02 11:09 GMT

ന്യൂഡല്‍ഹി: അവയവ ദാനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരമാവധി 42 ദിവസത്തെ പ്രത്യേക കാഷ്വല്‍ അവധി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് പരമാവധി 42 ദിവസത്തെ പ്രത്യേക കാഷ്വല്‍ ലീവ് ഇന്ത്യാ ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്' -ജിതേന്ദ്ര സിങ് അറിയിച്ചു.

ദാതാവിന്റെ അവയവം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയുടെ തരം പരിഗണിക്കാതെ തന്നെ, ഡോക്ടറുടെ ശുപാര്‍ശ പ്രകാരം, പ്രത്യേക കാഷ്വല്‍ അവധിയുടെ കാലാവധി പരമാവധി 42 ദിവസമായിരിക്കും എന്ന് 2023-ല്‍ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ദിവസം മുതല്‍ സാധാരണയായി ഒറ്റത്തവണയായി പ്രത്യേക കാഷ്വല്‍ അവധി എടുക്കാമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.

എന്നിരുന്നാലും, ആവശ്യമെങ്കില്‍, സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറുടെയോ ഡോക്ടറുടെയോ ശുപാര്‍ശ പ്രകാരം ശസ്ത്രക്രിയക്ക് പരമാവധി ഒരു ആഴ്ച മുമ്പ് മുതല്‍ ഇത് പ്രയോജനപ്പെടുത്താമെന്നും ഉത്തരവില്‍ പറയുന്നു.

അവയവങ്ങള്‍ ദാനം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 42 ദിവസത്തെ പ്രത്യേക കാഷ്വല്‍ ലീവ് ലഭിക്കുമെന്ന് നാഷനല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ നേരത്തെ അറിയിച്ചിരുന്നു. അവധി എല്ലാത്തരം അവയവദാന ശസ്ത്രക്രിയകള്‍ക്കും ബാധകമാണ്.

Tags:    

Similar News