അങ്ങനെ ആദ്യമായി ബെഞ്ചും ഡെസ്കുമെത്തി; അതീവ സന്തോഷത്തിൽ കുട്ടികളും അധ്യാപകരും; ഫണ്ടിന്റെ അഭാവം മാറിയപ്പോൾ പിലിഭിത്തിലെ പ്രൈമറി സ്‌കൂളുകളിൽ സംഭവിക്കുന്നത്
പിലിഭിത്ത്: അങ്ങനെ ആദ്യമായി സ്കൂളുകളിൽ ബെഞ്ചും ഡസ്കും ലഭിച്ചു. ജില്ലയിലെ നൂറുകണക്കിന് സർക്കാർ പ്രൈമറി സ്‌കൂളുകളിലെ 90,000-ത്തിലധികം കുട്ടികൾക്കാണ് ഇരിക്കാൻ ബെഞ്ചും ഡെസ്കും ലഭിച്ചത്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം നടന്നത്. ആദ്യമായാണ് സ്കൂളുകളിൽ ബെഞ്ചും ഡെസ്കും ലഭിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. തറയിലും മരച്ചുവട്ടിലുമായിരുന്നു ഇത്രയും കാലം കുട്ടികളുടെ വിദ്യാഭ്യാസം.
ജൂണിൽ പിലിഭിത്ത് ഡിഎം ഗ്യാനേന്ദ്ര സിംഗ് ബേസിക് ശിക്ഷ അധികാരി (ബിഎസ്എ) അമിത് കുമാർ സിങ്ങിനോട് ക്ലാസ് മുറികളിൽ ഫർണിച്ചറുകളുടെ അഭാവമുണ്ടെന്ന് അധ്യാപകർ പരാതിപ്പെട്ടതോടെയാണ് മാറ്റമുണ്ടായത്. സർക്കാർ ഫണ്ടിന്റെ അഭാവമാണ് സ്കൂളുകളിൽ ഫർണിച്ചർ ലഭ്യമാകാതിരിക്കാൻ കാരണമെന്ന് മനസ്സിലാക്കിയ ഡിഎം, ഫർണിച്ചറുകൾ വാങ്ങാൻ ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടുകൾ ഉപയോഗിക്കാൻ ഭരണകൂടത്തോട് നിർദ്ദേശിക്കുകയും ചെയ്തു.