സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഓർഡർ അനുസരിച്ച് തോക്കുകൾ എത്തിച്ച് കൊടുക്കും; രഹസ്യ വിവരത്തിൽ വാഹന പരിശോധന നടത്തിയ പോലീസ് പിടിച്ചെടുത്തത് അഞ്ച് അനധികൃത തോക്കുകളും വെടിയുണ്ടകളും; വാങ്ങാൻ വന്നവർ അടക്കം 7 പേർ പിടിയിൽ

Update: 2024-10-29 12:33 GMT

ലക്നൗ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത് തോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന സംഘം. സംഭവത്തിൽ ഏഴ് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ ഓർഡറുകളിലൂടെയാണ് പ്രതികൾ തോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നത്.

ഫേസ്‍ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് പ്രതികൾ തോക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയിരുന്നത്. ഇത്തരത്തിൽ ഓർഡർ പ്രകാരം ഒരു തോക്കുമായി പോകുന്നതിനിടെ ഉത്തർപ്രദേശിലെ മുസഫർനഗറിൽ വെച്ച് സംഘം പോലീസിന്റെ പിടിയിലായത്.

നിയമവിരുദ്ധമായി ഒരു പിസ്റ്റൾ വാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പോലീസ് വ്യാപകമായ വാഹന പരിശോധന നടത്തി. പരിശോധനയിൽ അസം റിസ്‍വി, വിവേക് നഗാർ, മാനിഷ് കുമാർ, പ്രദീപ് കുമാർ, റിഷഭ് പ്രജാപതി, വിശാൽ, പ്രതിക് ത്യാഗി എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തോക്കുകൾ ഓർഡർ ചെയ്തവർക്ക് എത്തിച്ചു കൊടുക്കുന്നതിനിടെയാണ് പിടിയിലായതെന്ന് പോലീസും പറയുന്നു.

പിടിയിലായവരിൽ വിശാലും, പ്രദീപും ഓഡർ ചെയ്ത തോക്കുകൾ വാങ്ങാനായി എത്തിയതാണെന്നാണ് മുസഫർ നഗർ പോലീസ് സൂപ്രണ്ട് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. പ്രതീക് ത്യാഗിയുടെ സഹായത്തോടെയാണ് ഇവർ തോക്ക് വിൽപന സംഘവുമായി ബന്ധപ്പെട്ടത്. ഇടപാടുകൾക്കുള്ള പണം സ്വീകരിച്ചിരുന്നതും ഓൺലൈൻ വഴി തന്നെയായിരുന്നു.

അഞ്ച് അനധികൃത തോക്കുകളും വെടിയുണ്ടകളും കൂടാതെ തോക്കുകൾ കടത്താൻ ഉപയോഗിച്ച ഒരു ബൈക്കും ഒരു കാറും, പ്രതികളുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. മുസഫർ നഗറിന് പുറമെ യുപിയുടെ വിവിധ പ്രദേശങ്ങളിൽ ഇവ‍ർ തോക്ക് കച്ചവടം നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ മനസ്സിലാക്കാൻ കഴിഞ്ഞതായി പോലീസ് പറയുന്നു.

Tags:    

Similar News