കൂടിക്കാഴ്ചയെ വളച്ചൊടിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചു; വ്യക്തിപരമായി യാതൊരു ബന്ധവുമില്ല; രാഹുലിനെ കണ്ടത് കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ടെന്നും പൂനം കൗർ
ഹൈദരാബാദ്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി തനിക്ക് വ്യക്തിപരമായ യാതൊരു ബന്ധവുമില്ലെന്ന് നടി പൂനം കൗർ. അദ്ദേഹത്തെ കണ്ടത് കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമാണെന്നും പൂനം കൗർ അറിയിച്ചു. രാഹുലുമായുള്ള കൂടിക്കാഴ്ചയെ വളച്ചൊടിച്ച് ചില മാധ്യമങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചുവെന്നും നടി ആരോപിച്ചു.
2022-ൽ തെലങ്കാനയിലെ മെഹബൂബ്‌നഗറിലെ ധർമപുരത്തുവെച്ച് നടന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പൂനം കൗർ പങ്കാളിയായിരുന്നു. ഈ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടിയുടെ കൈപിടിച്ച് നടക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ചിത്രങ്ങൾ വൈറലായതിനു പിന്നാലെ, ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ പൂനം കൗറിനെയും രാഹുൽ ഗാന്ധിയെയും ബന്ധപ്പെടുത്തി അപവാദപ്രചാരണങ്ങളുമായി രംഗത്തെത്തി.
അന്ന് താൻ വീഴാൻ പോയപ്പോൾ രാഹുൽ ഗാന്ധി കൈ പിടിക്കുകയായിരുന്നുവെന്നാണ് നടി മറുപടി നൽകിയിരുന്നത്. പഞ്ചാബിൽ ജനിച്ച പൂനം കൗർ തെലുങ്ക് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. നടി ഏറെക്കാലമായി ഹൈദരാബാദിലാണ് താമസിക്കുന്നത്.