ഗർഭ വയറും കൊണ്ട് വേദനയിൽ പുളഞ്ഞ് ആശുപത്രി വരെ നടന്നു; സിസേറിയൻ കഴിഞ്ഞതും ഹൃദയഭേദകമായ കാഴ്ച; മഹാരാഷ്ട്രയിൽ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

Update: 2026-01-03 05:20 GMT

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം ചികിത്സ തേടി ആറ് കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത ഗർഭിണിയും അവരുടെ കുഞ്ഞും മരിച്ചു. പ്രസവ സമയത്ത് കൃത്യമായ ചികിത്സ ലഭിക്കാതെ വന്നതാണ് 24 വയസ്സുകാരിയായ ആശ സന്തോഷ് കിരംഗയുടെയും കുഞ്ഞിന്റെയും ദാരുണ മരണത്തിന് വഴിയൊരുക്കിയത്.

ഗഡ്ചിറോളിയിലെ ആൽദാണ്ടി ടോള ഗ്രാമവാസിയായ ആശ, ഒമ്പത് മാസം ഗർഭിണിയായിരുന്നു. അവരുടെ ഗ്രാമം പ്രധാന റോഡുമായി ബന്ധമില്ലാത്തതും ആരോഗ്യ കേന്ദ്രങ്ങളില്ലാത്തതുമായ ഒരു വിദൂര പ്രദേശത്താണ് സ്ഥിതി ചെയ്തിരുന്നത്.

ജനുവരി രണ്ടിന് രാവിലെ ആശയ്ക്ക് ശക്തമായ പ്രസവ വേദന ആരംഭിച്ചതിനെ തുടർന്ന്, സഹോദരിയുടെ വീട്ടിലേക്ക് കാടുകളിലൂടെ ആറ് കിലോമീറ്റർ കാൽനടയായി യാത്ര ചെയ്യുകയായിരുന്നു. പിന്നീട് ആംബുലൻസ് എത്തിച്ച് ഹെദ്രിയിലെ കാളി അമ്മാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ സിസേറിയന് വിധേയമാക്കിയെങ്കിലും കുഞ്ഞ് നേരത്തെ തന്നെ മരിച്ചിരുന്നു. തുടർന്ന് രക്തസമ്മർദ്ദം അപകടകരമായി ഉയർന്നതിനെ തുടർന്ന് ആശയും അൽപ്പസമയത്തിനകം മരണപ്പെട്ടു.

കാൽനടയായി ദൂരം നടന്നതാണ് അപ്രതീക്ഷിതമായ പ്രസവ വേദനക്കും സങ്കീർണതകൾക്കും കാരണമായതെന്ന് ഗഡ്ചിറോളി ജില്ലാ ആരോഗ്യ ഓഫീസർ ഡോ. പ്രതാപ് ഷിൻഡെ പ്രതികരിച്ചു. ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലായിരുന്നതിനാൽ ഈ യാത്ര ആശയുടെ ശരീരത്തെ ഗുരുതരമായി ബാധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 

Tags:    

Similar News