'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണസ്ഥിരത ഉറപ്പാക്കും'; നയപരമായ സ്തംഭനാവസ്ഥ തടയാനും സാമ്പത്തിക ഭാരം കുറയ്ക്കാനും കഴിയും'; ബില്ലിനെ പിന്താങ്ങി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി
ബില്ലിനെ പിന്താങ്ങി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ക്ഷേമ സംരംഭങ്ങള്‍, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍, ഭരണം പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ എന്നിയെ കുറിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിലൂടെ ഭരണത്തിലെ സ്ഥിരതയെ പ്രോത്സാഹിപ്പിക്കാനും നയപരമായ സ്തംഭനാവസ്ഥ തടയാനും സാമ്പത്തിക ഭാരം കുറയ്ക്കാനും ഒരു പരിധി വരെ കഴിയും. ധീരവും ദീര്‍ഘവീക്ഷണമുള്ളതുമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരും വര്‍ഷങ്ങളിലും പുരോഗതിയുടെ ഈ പ്രവണതയെ നിലനിര്‍ത്തും. ക്ഷേമം എന്ന ആശയത്തെ ഈ സര്‍ക്കാര്‍ പുനര്‍നിര്‍വചിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ അവകാശമാക്കി. കൊളോണിയല്‍ ചിന്താഗതി മാറ്റാനുള്ള യോജിച്ച ശ്രമങ്ങള്‍ക്കും നാം സമീപകാലത്ത് സാക്ഷ്യം വഹിച്ചു. ആഗോളരംഗത്ത് ഇന്ത്യ വികസനത്തിന്റെ വ്യക്തമായ ഇടം കണ്ടെത്തി',- രാഷ്ട്രപതി വ്യക്തമാക്കി.
ഒളിമ്പിക്‌സിലെയും പാരാലിമ്പിക്‌സിലെയും രാജ്യത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച രാഷ്ട്രപതി കായികരംഗത്ത് ഇന്ത്യയുടെ ശ്രദ്ധേയമായ മുന്നേറ്റങ്ങളെയും അഭിനന്ദിച്ചു. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായി മാറിയ ഡി ഗുകേക്ഷിനെയും രാഷ്ട്രപതി പ്രശംസിച്ചു. ഇന്ത്യക്കാരെന്ന പൊതുസ്വത്വത്തിന്റെ അടിത്തറ പാകുന്നതും ഒരു കുടുംബമെന്ന നിലയില്‍ നമ്മെ ബന്ധിപ്പിക്കുന്നതും ഭരണഘടനയാണെന്നും രാഷ്ട്രപതി പറഞ്ഞു.