വ്യാപാര കരാറില്‍ പ്രധാനമന്ത്രി മോദി ട്രംപിന് മുന്നില്‍ 'സൗമ്യമായി വഴങ്ങുന്നു'; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

വ്യാപാര കരാറില്‍ പ്രധാനമന്ത്രി മോദി ട്രംപിന് മുന്നില്‍ 'സൗമ്യമായി വഴങ്ങുന്നു

Update: 2025-07-05 13:31 GMT

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം കടുപ്പിച്ചു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസുമായുള്ള നിര്‍ദിഷ്ട വ്യാപാര കരാര്‍ പൂര്‍ണമായും അന്തിമമാക്കിയാല്‍ മാത്രമേ ഇന്ത്യ അംഗീകരിക്കുകയുള്ളൂവെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും ഗോയല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. 'പിയൂഷ് ഗോയലിന് എത്ര വേണമെങ്കിലും നെഞ്ചത്തടിക്കാം. എന്നാല്‍, ഞാന്‍ പറയുന്നു ട്രംപിന്റെ താരിഫ് സമയപരിധിക്ക് മോദി സൗമ്യമായി വഴങ്ങും' ഗാന്ധി 'എക്സി'ലെ ഒരു പോസ്റ്റില്‍ കുറ്റപ്പെടുത്തി.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കുനേരെ മൗനം പാലിക്കുകയും എതിര്‍ക്കാതിരിക്കുകയും ചെയ്തതിന് പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് ആക്രമിച്ചുവരികയാണ്.

ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനമെടുത്തതിനു പിന്നാലെ തിരിച്ചടിയെന്ന നിലയില്‍ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് പകര തീരുവ ചുമത്താന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇത് പുതിയൊരു വ്യാപാര യുദ്ധത്തിന് തിരികൊളുത്തുമെന്ന സൂചന നല്‍കി.

ഇരുവിഭാഗത്തിനും ഗുണം ചെയ്യുകയും വിജയകരമായ ഒരു കരാര്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍ മാത്രമേ സ്വതന്ത്ര വ്യാപാര കരാറുകള്‍ സാധ്യമാകൂ എന്ന് യു.എസുമായുള്ള നിര്‍ദിഷ്ട ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദേശീയ താല്‍പര്യം എപ്പോഴും പരമപ്രധാനമായിരിക്കണം. അത് മനസ്സില്‍ വെച്ചുകൊണ്ട് ഒരു കരാര്‍ ഉണ്ടാക്കിയാല്‍, വികസിത രാജ്യങ്ങളുമായി ഇടപെടാന്‍ ഇന്ത്യ എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ അന്തിമമാക്കാന്‍ ട്രംപ് ജൂലൈ 9 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

Tags:    

Similar News