വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് മുതല്‍; 12 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര; പിന്നിടുക 1300 കിലോമീറ്റര്‍; യാത്രയില്‍ രാഹുലിന് ഒപ്പം തേജസ്വി യാദവും

Update: 2025-08-16 23:52 GMT

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് ബിഹാറിലെ സസാറാമില്‍ ആരംഭിക്കുന്നു. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ 1,300 കിലോമീറ്റര്‍ പിന്നിടാനാണ് തീരുമാനം. യാത്രയുടെ സമാപനം സെപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയില്‍ വന്‍ റാലിയോടെയായിരിക്കും.

രാഹുല്‍ ഗാന്ധിക്കൊപ്പം ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും പങ്കെടുക്കുന്ന യാത്രയുടെ തുടക്ക ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണായക വാര്‍ത്താസമ്മേളനവും നടക്കാനിരിക്കുകയാണ്. വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം നിര്‍ണായകമാകുമെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ആകാംക്ഷയുണര്‍ത്തുന്നു.

ഈ മാസം 7-നാണ് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണം ഉയര്‍ത്തിയത്. അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക മറുപടി നല്‍കാതിരുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിജ്ഞാപത്രം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പ്രതികരിച്ചപ്പോള്‍, ''ജനപ്രതിനിധിയായ നിലയില്‍ തന്റെ വാക്കുകള്‍ തന്നെ പ്രഖ്യാപനമായി കണക്കാക്കണം'' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

പിന്നീട് മാപ്പ് പറയണമെന്ന കമ്മീഷന്റെ നിലപാടും വലിയ വിവാദത്തിന് വഴിവച്ചു. ഇതേസമയം, നാളെ മൂന്ന് മണിക്ക് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്. രാഹുലിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടി ഇതിലുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്ന ചോദ്യം.

Tags:    

Similar News