അവർ എല്ലാം ഊതിപ്പെരുപ്പിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു; വന്ദേഭാരത് ട്രെയിനുകളുടെ നിർമാണച്ചെലവ് റെയിൽവേ പെരുപ്പിച്ച് കാണിക്കുന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

Update: 2024-09-18 10:06 GMT

ഡൽഹി: വന്ദേഭാരത് ട്രെയിനുകളുടെ നിർമാണച്ചെലവ് ഇന്ത്യൻ റെയിൽവേ പെരുപ്പിച്ച് കാണിക്കുന്നതായി തൃണമൂൽ കോൺഗ്രസ് എം.പി സകേത് ഗോഖല വിമർശിച്ചു. 2023ൽ 200 ട്രെയിനുകൾ നിർമിക്കാൻ 58,000 കോടി രൂപയുടെ കരാറാണ് റെയിൽവേ നൽകിയിരുന്നത്. ഇത് 133 ട്രെയിനായി കുറച്ചു. പക്ഷെ കരാർ തുകയിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം ആരോപണം ഉയർത്തുന്നു. ആദ്യത്തെ കണക്ക് പ്രകാരം ഒരു ട്രെയിനിന് 290 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. 130 കോടി നിർമാണത്തിനും 160 കോടി പരിപാലനത്തിനുമാണ്. എന്നാൽ, പുതുക്കിയ കരാർ പ്രകാരം 435 കോടി രൂപയാണ് ഒരു ട്രെയിനിന്റെ ചെലവ്. 190 കോടി നിർമാണത്തിനും 240 കോടി പരിപാലന ചെലവുമാണെന്നും സകേത് ഗോഖലെ എം.പി വ്യക്തമാക്കി. ഇതിനിടെ എം.പിയുടെ ആരോപണം നിഷേധിച്ചുകൊണ്ട് റെയിൽവേ മന്ത്രാലയം രംഗത്തുവന്നു. തെറ്റായ വിവരങ്ങൾ പങ്ക് വയ്ക്കുന്നതും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

‘ഒരു കോച്ചിന്റെ വില തന്നെ ആകെയുള്ള കോച്ചുകളുടെ എണ്ണം കൊണ്ട് ഗുണിച്ചാൽ ലഭിക്കുന്നതാണ് ട്രെയിനിന്റെ വില. കൂടുതൽ ദൈർഘ്യമേറിയ ട്രെയിനുകൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് കോച്ചുകളുടെ എണ്ണം 16ൽനിന്ന് 24 ആയി ഉയർത്തിയത്. അതിനാൽ തന്നെ പഴയ കരാറിലേതിന് സമാനമാണ് ആകെ കോച്ചുകളുടെ എണ്ണം എന്ന് പറയുന്നത്. ട്രെയിൻ യാത്രക്കുള്ള ഉയർന്ന ഡിമാൻഡ് കാരണമാണ് ഓരോ ട്രെയിനിലും കോച്ചുകളുടെ എണ്ണം വർധിപ്പിച്ചത്’ എന്നും റെയിൽവേ വ്യക്തമാക്കി.

ഇതിനിടെ റെയിൽവേയുടെ വിശദീകരണത്തെയും തൃണമൂൽ എം.പി സകേത് ഗോഖല അതിരൂക്ഷമായി വിമർശിച്ചു. റെയിൽവേയുടെ മറുപടി പരിഹാസ്യമാണ്. കരാർ പ്രകാരം ഓരോ കോച്ചിനും അല്ല, ഓരോ ട്രെയിനിനുമാണ് തുക വകയിരുത്തിയിരിക്കുന്നത്. 58,000 കോടിയുടെ കരാറിൽ 200 ട്രെയിനുകളുടെ എണ്ണം 133 ആക്കി ചുരുക്കിയിരിക്കുന്നു. ഒരു ട്രെയിനിന്റെ ചെലവ് 290 കോടിയിൽനിന്ന് 435 കോടിയായി വർധിപ്പിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിൽനിന്ന് ആർക്കാണ് ഗുണം ലഭിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കണമെന്നും ഗോഖലെ പറയുന്നു.

Tags:    

Similar News