കലി തുള്ളിയെത്തിയ പ്രളയജലത്തിൽ അഴിഞ്ഞത്‌ ഒരു നാട് ; സൈനികരടക്കം നിരവധി പേർ കാണാമറയത്ത് തന്നെ തുടരുന്നു; ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത് ശക്തമായ മഴ

Update: 2025-08-12 09:43 GMT

ഡൽഹി: ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് കാണാതായ 9 സൈനികർ ഉൾപ്പെടെ 43 പേർക്കായി തിരച്ചിൽ തുടരുന്നു. പ്രതികൂല കാലാവസ്ഥയും നിർത്താതെ പെയ്യുന്ന മഴയും രക്ഷാപ്രവർത്തനങ്ങൾക്ക് കനത്ത വെല്ലുവിളിയാകുകയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ധരാലിയിലെ വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

കാണാതായവരിൽ 9 സൈനികർക്ക് പുറമെ ധരാലി ഗ്രാമത്തിലെ എട്ടുപേരും സമീപ ഗ്രാമങ്ങളിലെ അഞ്ചുപേരും ഉൾപ്പെടുന്നു. ദുരന്തത്തിൽപ്പെട്ട 29 നേപ്പാൾ സ്വദേശികളായ തൊഴിലാളികളിൽ അഞ്ചുപേരെ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന 24 പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഇതുവരെ 1038 പേരെ ദുരന്തഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തി. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പോലുള്ള നൂതന സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പ്രദേശം മുഴുവൻ ചെളിയും മണ്ണും നിറഞ്ഞ് കിടക്കുന്നത് തിരച്ചിൽ അതീവ ദുഷ്കരമാക്കുന്നു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നതോടെ, മറ്റൊരു ദുരന്തമുണ്ടാകുമോ എന്ന കനത്ത ആശങ്കയിലാണ് പ്രദേശവാസികൾ.

Tags:    

Similar News