അഡ്മിഷന്‍ നടപടികളില്‍ വ്യാപക ക്രമക്കേട്: രാജസ്ഥാനില്‍ പത്ത് ദന്തല്‍ കോളേജുകള്‍ക്ക് 10 കോടി വീതം പിഴചുമത്തി സുപ്രീംകോടതി
രാജസ്ഥാനില്‍ പത്ത് ദന്തല്‍ കോളേജുകള്‍ക്ക് 10 കോടി വീതം പിഴചുമത്തി സുപ്രീംകോടതി
ജയ്പൂര്‍: അഡ്മിഷന്‍ നടപടികളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ പത്ത് സ്വകാര്യ ദന്തല്‍ കോളേജുകള്‍ക്ക് 10 കോടി വീതം പിഴ ചുമത്തി സുപ്രീംകോടതി. നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നതെന്നും കടുത്ത ശിക്ഷ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ വിജയ് ബിഷ്‌ണോയ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. കോളേജുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നടപടികളില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച കോടതി, സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ന്നിട്ടുണ്ടെന്നും വ്യക്തമാക്കി.
2016-17 അക്കാദമിക് സെഷനിലേക്കുള്ള ബിഡിഎസ് (ബാച്ചിലര്‍ ഓഫ് ഡെന്റല്‍ സര്‍ജറി) പ്രവേശനത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് രാജസ്ഥാന്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ (ആര്‍എസ്എല്‍എസ്എ) 10 ലക്ഷം രൂപ കെട്ടിവയ്ക്കാനും കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ബിഡിഎസ് അഡ്മിഷന്‍ നേടാനാവശ്യമായ നീറ്റ് സ്‌കോറില്‍ ആദ്യം പത്ത് ശതമാനവും പിന്നീട് അഞ്ച് ശതമാനവും കുറച്ചാണ് അഡ്മിഷന്‍ നടത്തിയത്. ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ യോഗ്യത പോലുമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയെന്നാണ് കേസ്.
ആര്‍ട്ടിക്കിള്‍ 143 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയായ സാഹചര്യത്തില്‍, അവര്‍ക്ക് 'പൂര്‍ണ്ണ നീതി' ഉറപ്പാക്കുന്നതിനായി ആ ബിഡിഎസ് ബിരുദങ്ങള്‍ കോടതി ക്രമപ്പെടുത്തി. നിബന്ധനകളോടെയാണ് കോടതി തീരുമാനം. ഈ ആനുകൂല്യം ലഭിക്കുന്ന 59 വിദ്യാര്‍ഥികളും രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, മറ്റ് അടിയന്തര ആരോഗ്യ അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില്‍ സൗജന്യമായ സേവനം നല്‍കണം എന്ന വ്യവസ്ഥയിലാണ് കോടതി ഇളവ് നല്‍കിയത്.