കർണാടകയിൽ ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗക്കേസ്; ഹണിട്രാപ്പിനായും ഉപയോഗിച്ചു; ഒരു മാസത്തിനിടെ മുനിരത്നയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസ്
ബെംഗളൂരു: കര്‍ണാടക ബിജെപി മുന്‍ മന്ത്രിയും എംഎല്‍എയുമായ മുനിരത്‌ന ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ ബലാത്സംഗക്കേസ്. മുനിരത്‌ന നായിഡുവിനെതിരെ 40 കാരിയായ യുവതി പരാതി നൽകിയത്. രാമനഗര ജില്ലയിലെ കഗ്ഗലിയപുര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2020 മുതൽ രണ്ട് വർഷത്തോളം തന്നെ പീഡിപ്പിച്ചുവെന്നും, റെക്കോർഡ് ചെയ്ത അശ്ലീല വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ഭീഷണിപ്പെടുത്തിയെന്നും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഒരു മാസത്തിനിടെ മുനിരത്നയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ എഫ്ഐആറാണിത്. രാജരാജേശ്വരി നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മുനിരത്‌ന.
നേരത്തെ, ബിബിഎംപി കരാറുകാരനെ കൈക്കൂലി ചോദിച്ച് ഭീഷണിപ്പെടുത്തിയതിനും ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും മുനിരത്‌നയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ബ്രുഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കരാറുകാരനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് സെപ്തംബർ 14ന് രാത്രിയാണ് മുനിരത്‌നയെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്.
കോലാർ പോലീസ് സൂപ്രണ്ട് (എസ്‌പി) ബി.നിഖിലിന്റെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശിലേക്ക് പോകുകയായിരുന്ന മുനിരത്‌നയെ കോലാർ പോലീസിൻ്റെ സഹായത്തോടെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. കോലാറിന് സമീപത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മുനിരത്‌ന നിലവിൽ ബെംഗളൂരു പോലീസിൻ്റെ കസ്റ്റഡിയിലാണ്. ഇതുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി പരിഗണിക്കും. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ ജാമ്യം ലഭിച്ചാൽ മുനിരത്‌നയെ ജയിലിന് സമീപം തടവിലാക്കാനാണ് സാധ്യത. അതേസമയം ജാമ്യം നിഷേധിച്ചാൽ കഗ്ഗലിപുര പോലീസ് സ്ത്രീ നൽകിയ പരാതിയിൽ വാറണ്ട് ഫയൽ ചെയ്ത് നടപടിക്രമങ്ങൾ പ്രകാരം വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
ബലാത്സംഗ കേസിൽ ഐപിസി 354 എ, 354 സി, 376, 506, 504, 120 (ബി), 149, 384, 406, 308 എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിജയകുമാര്‍, സുധാകര, കിരണ്‍ കുമാര്‍, ലോഹിത് ഗൗഡ, മഞ്ജുനാഥ്, ലോകി എന്നിവരാണ് മറ്റ് പ്രതികള്‍.
ബുധനാഴ്ച രാത്രിയാണ് എംഎൽഎയ്ക്കും മറ്റ് ആറ് പേർക്കുമെതിരെ യുവതി പൊലീസിൽ പരാതിയുമായെത്തിയത്. ബലാത്സംഗ പരാതി കൂടാതെ ഹണിട്രാപ്പ് ചെയ്യാൻ നായിഡു തന്നെ ഉപയോഗിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. എംഎൽഎയും സംഘവും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.