ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്ത്രീയാണെന്ന് അഭിഭാഷകന്റെ വാദം; ഒടുവിൽ ലിംഗനിര്‍ണയ പരിശോധനയിൽ പുരുഷനെന്ന് തെളിഞ്ഞു; പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി; സംഭവം ഉത്തർപ്രദേശിൽ
ലഖ്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 12000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ പ്രത്യേക കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ഫരീന്‍ അഹമ്മദ് എന്ന 23-കാരനാണ് കുറ്റക്കാരന്‍. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവില്‍ കഴിയേണ്ടി വരും. ഏഴു വയസ്സുകാരിയായ പെൺകുട്ടിയെ ആണ് പ്രതി ക്രൂരമായ പീഡനത്തിനിരയാക്കിയത്.
2022 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ടിവി കാണാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ കുട്ടിയെ ഫരീന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ക്രൂരമായി പീഡനത്തിനിരയായ പെൺകുട്ടി രണ്ടാഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി വൈദ്യപരിശോധനയ്ക്കുശേഷം പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഫരീന്‍ അഹമ്മദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ വിചാരണ വേളയിൽ വിചിത്രമായ വാദങ്ങളുമായി പ്രതിയുടെ അഭിഭാഷകന്‍ കേസിനെ വഴിതിരിച്ചു വിടാൻ ശ്രമിക്കുകയായിരുന്നു. ഫരീന്‍ അഹമ്മദ് സ്ത്രീയായിട്ടാണ് ജനിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് പ്രതിയെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ലിംഗനിര്‍ണയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ടു.
ലിംഗനിര്‍ണയ പരിശോധനയുടെ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്. ഈ വര്‍ഷം സെപ്റ്റംബര്‍ 24 നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഹമ്മദിന്റെ ബീജത്തില്‍ എക്സ്, വൈ ക്രോമസോമുകള്‍ ഉണ്ടെന്നും പ്രതി പുരുഷനാണെന്നുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് പ്രതിക്ക് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.