കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊക്കി; യൂണിഫോമിൽ പിടിയിലായതോടെ ഉദ്യോഗസ്ഥരോട് അലറിവിളിച്ചും തട്ടിക്കയറിയും ഇൻസ്പെക്ടർ; വീഡിയോ വൈറൽ

Update: 2026-01-31 08:06 GMT

ബെംഗളൂരു: നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥരുടെ പിടിയിലായി ബെംഗളൂരു കെപി അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഗോവിന്ദരാജു. ജനുവരി 29-ന് നടന്ന സംഭവത്തിന്റെ അറസ്റ്റ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യൂണിഫോമിൽ അറസ്റ്റ് ചെറുക്കുകയും ഉദ്യോഗസ്ഥരോട് അലറിവിളിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.

എം ഡി അക്ബർ (42) എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത ഗോവിന്ദരാജുവിനെ അറസ്റ്റ് ചെയ്തത്. കെപി അഗ്രഹാര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട് അക്ബറിന് ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇൻസ്പെക്ടർ ഗോവിന്ദരാജു അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ഇതിൽ ഒരു ലക്ഷം രൂപ നേരത്തെ കൈപ്പറ്റിയിരുന്നുവെന്നും ബാക്കി നാല് ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് ഗോവിന്ദരാജുവിനെ പിടികൂടിയതെന്നും ലോകായുക്ത ഉദ്യോഗസ്ഥർ അറിയിച്ചു.

പരാതിയെത്തുടർന്ന് അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ലോകായുക്ത പോലീസ് ഇൻസ്പെക്ടർക്കെതിരെ കേസെടുത്തിരുന്നു. വെള്ളിയാഴ്ച പുറത്തുവന്ന അറസ്റ്റ് വീഡിയോയിൽ, ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോൾ ഗോവിന്ദരാജു യൂണിഫോമിൽ തുടർച്ചയായി അലറി വിളിക്കുകയും അറസ്റ്റിനെ ചെറുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കാണാം. ഇൻസ്‌പെക്ടറുടെ ഈ പ്രവൃത്തി പോലീസ് സേനയ്ക്ക് മൊത്തത്തിൽ നാണക്കേടുണ്ടാക്കുന്നതും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു അഭിപ്രായപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News