ഞാൻ ഇപ്പോൾ ഇന്ത്യയിലാണ്; ഇത് കാണൂ..; 'ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ച് വിദേശ പൗരൻ; ഇതോടെ ആവേശത്തിലായി ചുറ്റും കൂടിയ ആളുകൾ; മറുപടിയുമായി നെറ്റിസൺസ്
എല്ലോറ: ഓസ്ട്രേലിയൻ സ്വദേശിയായ ഡങ്കൻ മക്നോട്ട് എല്ലോറയിലെ ചരിത്രപ്രസിദ്ധമായ കൈലാഷ് ക്ഷേത്രം സന്ദർശിക്കുന്നതിനിടെ "ഭാരത് മാതാ കീ ജയ്" എന്ന് വിളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ചുള്ള ഈ വീഡിയോക്ക് പിന്നാലെ, ഇദ്ദേഹത്തിന് ആധാർ കാർഡ് നൽകണമെന്ന രസകരമായ ആവശ്യവുമായി നിരവധി ഇന്ത്യൻ നെറ്റിസൺസ് രംഗത്തെത്തി.
മക്നോട്ട് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. "ഞാൻ എന്റെ ആധാർ കാർഡിന് റെഡിയായോ" എന്ന ചോദ്യത്തോടെയാണ് അദ്ദേഹം ഇന്ത്യയിൽ നിന്നുള്ള വീഡിയോകൾ പോസ്റ്റ് ചെയ്തത്. "താൻ ഇന്ത്യയിലാണ്, ഇത് കാണൂ" എന്ന് പറഞ്ഞതിന് ശേഷം ഉറക്കെ "ഭാരത് മാതാ കീ ജയ്" എന്നും "ജയ് ശ്രീറാം" എന്നും വിളിക്കുന്നതും, ചുറ്റുമുള്ള ആളുകൾ അതിൽ പങ്കുചേരുന്നതും വീഡിയോയിൽ വ്യക്തമാണ്.
കൈലാഷ് ക്ഷേത്രത്തിലാണ് താനുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് മക്നോട്ട് വീഡിയോ അവസാനിപ്പിക്കുന്നത്. മണിക്കൂറുകൾക്കകം തന്നെ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുകയും നിരവധിപ്പേർ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. "മക്നോട്ടിന്റെ ആധാർ കാർഡ് വെരിഫിക്കേഷൻ പൂർത്തിയായി" എന്നതടക്കമുള്ള നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെയും സംസ്കാരത്തെയും വിദേശികൾ ഇഷ്ടപ്പെടുന്നതിന്റെ നേർക്കാഴ്ചയായി ഈ വീഡിയോയെ പലരും വിലയിരുത്തുന്നു.