'നിങ്ങൾ വരുന്ന സ്ഥലത്തെ ബഹുമാനിക്കുക, അവിടം വൃത്തിയാക്കാൻ സാധിക്കുമെങ്കിൽ അത് ഒരു നല്ല പ്രവൃത്തിയാണ്'; ചന്ദ്രശില ട്രെക്കിംഗ് പാതയിലെ മാലിന്യം നീക്കി റഷ്യൻ യുവതി; വൈറലായി വീഡിയോ

Update: 2025-12-11 08:15 GMT

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചന്ദ്രശില ട്രെക്കിംഗ് പാതയിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്ന റഷ്യൻ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇന്ത്യയുടെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കണമെന്ന് സഞ്ചാരികളോട് അഭ്യർത്ഥിക്കുന്ന യുവതി, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണതയിൽ തന്റെ നിരാശയും പങ്കുവെച്ചു.

ഇൻസ്റ്റഗ്രാം യൂസറായ @tanya_in_india ആണ് ചോപ്ത, തുങ്‌നാഥ്, ചന്ദ്രശില എന്നിവിടങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. കൈവശമുണ്ടായിരുന്ന ഒരു ബാഗിൽ പരമാവധി മാലിന്യം ശേഖരിച്ച യുവതി, മലയിറങ്ങിയ ശേഷം അവ വേണ്ടവിധം സംസ്കരിക്കുകയും ബേസ് ക്യാമ്പിലെ ജീവനക്കാരെ വിവരമറിയിക്കുകയും ചെയ്തു. "ദയവായി മലകളിൽ മാലിന്യം കൊണ്ടിടരുത്. നിങ്ങൾ വരുന്ന സ്ഥലത്തെ ബഹുമാനിക്കുക. അത് വൃത്തിയാക്കാനോ സഹായിക്കാനോ നിങ്ങളെക്കൊണ്ട് സാധിക്കുമെങ്കിൽ അത് ഒരു നല്ല പ്രവൃത്തിയാണ്," യുവതി തന്റെ പോസ്റ്റിൽ കുറിച്ചു.

ഹിന്ദു തീർത്ഥാടകർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ് ചന്ദ്രശില. എന്നാൽ, ദിവസേന നിരവധി ആളുകൾ സന്ദർശിക്കുന്ന ഈ പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന മാലിന്യങ്ങൾ നിരാശാജനകമായ ഒരു കാഴ്ചയാണെന്ന് യുവതി ചൂണ്ടിക്കാട്ടി. പലപ്പോഴും കൊടുമുടിയുടെ മുകളിൽ വരെ മാലിന്യം ചിതറിക്കിടക്കുന്നത് കാണാമെന്നും അവർ രേഖപ്പെടുത്തി. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ഇന്ത്യയിൽ ഒരു സാധാരണ ശീലമാണെന്നും, ഇത് പലപ്പോഴും വിദേശ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും വീഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ പലരും അഭിപ്രായപ്പെട്ടു. 

Tags:    

Similar News