രാത്രി ഈ തെരുവുകളിലൂടെ നടന്നാൽ ആരും നിങ്ങളെ തുറിച്ചുനോക്കില്ല; കൂട്ടമായി എത്തി കമെന്റ് അടിച്ച് ശല്യം ചെയ്യുന്നവരും കുറവ്; ഇതാ..ഇന്ത്യയിലെ സ്ത്രീകൾക്ക് സുരക്ഷിതമായ കുറച്ച് നഗരങ്ങൾ
ഡൽഹി: നാഷണൽ ആനുവൽ റിപ്പോർട്ട് ആൻഡ് ഇൻഡെക്സ് ഓൺ വുമൺസ് സേഫ്റ്റി 2025 അനുസരിച്ച്, നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയാണ് ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീകളെ ബഹുമാനിക്കുന്ന, കുറ്റകൃത്യങ്ങൾ കുറഞ്ഞ, ലിംഗ സമത്വത്തിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള നഗരമെന്ന നിലയിലാണ് കൊഹിമ ഒന്നാം സ്ഥാനം നേടിയത്.
വിശാഖപട്ടണം രണ്ടാം സ്ഥാനത്തും ഭുവനേശ്വർ മൂന്നാം സ്ഥാനത്തും ഇടം നേടി. വിശാഖപട്ടണത്തിന്റെ സുരക്ഷിതമായ ഗതാഗത സൗകര്യങ്ങളും പ്രകാശപൂരിതമായ തെരുവുകളും സ്ത്രീ സൗഹൃദ നടപടികളും ഇതിന് കാരണമായി. ഭുവനേശ്വറിലെ മികച്ച നിരീക്ഷണ സംവിധാനങ്ങളും സുരക്ഷിതമായ ഗതാഗത സൗകര്യങ്ങളും എടുത്തുപറയേണ്ടതാണ്.
നാലാം സ്ഥാനത്തുള്ള ഐസ്വാൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ശക്തമായ സാമൂഹിക കൂട്ടായ്മയാണ് ഇവിടുത്തെ പ്രത്യേകത. അഞ്ചാം സ്ഥാനത്തുള്ള ഗാങ്ടോക്ക്, പരിസ്ഥിതി സൗഹൃദ നഗരാസൂത്രണത്തിനും ശുചിത്വത്തിനും പേരുകേട്ടതാണ്.
ഇറ്റാനഗർ ആറാം സ്ഥാനത്തും, മെട്രോ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തോടെ മുംബൈ ഏഴാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. കുറഞ്ഞ ജനസംഖ്യയുള്ള ഇറ്റാനഗറിൽ സുരക്ഷാ ക്രമീകരണങ്ങൾ എളുപ്പത്തിൽ മെച്ചപ്പെടുത്താനാകുന്നു. മുംബൈയിലെ ഹെൽപ്പ് ലൈനുകളും റിസർവ് ചെയ്യാവുന്ന ഗതാഗത സൗകര്യങ്ങളും സ്ത്രീ സുരക്ഷയ്ക്ക് സഹായകമാണ്. ഈ റിപ്പോർട്ട് രാജ്യത്തെ നഗരങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ മുന്നേറ്റങ്ങളെയും വെല്ലുവിളികളെയും എടുത്തു കാണിക്കുന്നു.