ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ഇക്കുറി ഭീഷണി എത്തിയത് പാട്ടിലെ വരികളുടെ പേരില്‍; സന്ദേശം എത്തിയത് മുംബൈ പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക്
ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍പ്പെട്ടയാളെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈ പൊലീസിന്റെ വാട്‌സാപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സന്ദേശം എത്തിയത്.
സല്‍മാന്‍ ഖാന്റെ സിനിമയിലെ പാട്ടിന്റെ പേരിലാണ് പുതിയ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. അഞ്ച് കോടി രൂപ സല്‍മാന്‍ ഖാന്‍ നല്‍കുകയാണെങ്കില്‍ അദ്ദേഹത്തെ വെറുതെ വിടാമെന്നാണ് മുംബൈ പൊലീസിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
സല്‍മാന്റെ വരാനിരിക്കുന്ന സിനിമ സിക്കന്ദറിന്റെ വരികള്‍ എഴുതിയ ഗാനരചയിതാവിനും ഭീഷണി സന്ദേശം ലഭിച്ചു. ഗാനരചയിതാവിനേയും വെറുതെ വിടില്ലെന്ന് ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ ഗാനരചയിതാവിനെ വധിക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
വാട്‌സാപ്പ് സന്ദേശത്തില്‍ മുംബൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് സൂചന. വിക്രം ദസാര്‍ എന്നയാളുടെ പേരിലുള്ളതാണ് ഈ മൊബൈല്‍ നമ്പര്‍.
സല്‍മാന്‍ ഖാനെതിരെ നിരവധി ഭീഷണി സന്ദേശങ്ങള്‍ മുംബൈ പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ ഭൂരിപക്ഷവും ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍ നിന്നുള്ളതായിരുന്നു. കഴിഞ്ഞയാഴ്ചയും സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നായിരുന്നു ഭീഷണി.